വാഷിംഗ്ടണ്‍: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധം സിറിയക്ക് പുറമെ തുര്‍ക്കി അതിര്‍ത്തിയിലേക്കും പ്രവേശിക്കുന്നു. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് ഇസില്‍ തീവ്രവാദി സംഘത്തെ തുടച്ചു നീക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയിരുന്നത്. ഇതിന് തൊട്ടുപുറകെ, യുദ്ധത്തിന് തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ വിട്ടുതരില്ലെന്ന കര്‍ക്കശ നിലപാട് വ്യക്തമാക്കിയ തുര്‍ക്കിയുടെ അതിര്‍ത്തിയിലും കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തി. സിറിയയോട് വളരെ ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇന്നലെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലും വ്യാപകമാകുന്ന സായുധ സംഘത്തിനെതിരെ തങ്ങളുടെ വ്യോമാക്രമണം ഇനിയും ശക്തിപ്പെടുത്തുമെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തിന് വേണ്ടി വിട്ടുനല്‍കിയിട്ടില്ലെന്ന് തുര്‍ക്കി വ്യക്തമാക്കി.