ന്യൂഡല്‍ഹി: ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് തുടരുന്നതിനിടെ മമതയും മോദിയും ഒരു വേദിയിലെത്തിയത് കൗതുകമായി. രാഷ്ട്രപതിഭവനില്‍ നടന്ന ഒരു വിരുന്നായിരുന്നു വേദി. ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥമായിരുന്നു രാഷ്ട്രപതി വിരുന്ന് ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മമതക്ക് ആശംസകള്‍ നേരുകയും മമത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി സംസാരിക്കുകയും ചെയ്തു.
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ നേതാക്കള്‍ അറസ്റ്റിലായതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്, ബിജെപിക്കെതിരേ തെരുവിലറങ്ങാന്‍ മമത അണികളോട് ആഹ്വാനം ചെയ്തിരുന്നു, പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു മമത ഉന്നയിച്ചത്.
അമിത് ഷായുടെ കോല്‍ക്കത്തയിലെ റാലിക്ക് അനുമതി നിഷേധിച്ചതും വിവിധ വിഷയങ്ങളുയര്‍ത്തി പാര്‍ലമെന്റില്‍ സര്‍ക്കാരിനെ എതിര്‍ത്തതും സഹാറാ കേസില്‍ പ്രധാനമന്ത്രിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടതും തൃണമൂല്‍-ബിജെപി പോരിന്റെ ഭാഗമായിരുന്നു.