സിയോള്‍: 300ലധികം പേര് കൊല്ലപ്പെടാനിടയായ ദക്ഷിണ കൊറിയയിലെ കപ്പല്‍ ദുരന്തത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ ക്യാപ്റ്റന്‍ 36 വര്‍ഷത്തെ ജയില്‍ ശിക്ഷ. ജോലിയില്‍ കടുത്ത അലംഭാവം കാണിച്ച ക്യാപ്റ്റന്‍ ലീ ജൂന്‍ സിയോക് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കപ്പലിലെ ചീഫ് എന്‍ജിനീയറായിരുന്ന പാര്‍ക് കിഹോക്ക് മനുഷ്യക്കുരുതിയുടെ പേരില്‍ 30 വര്‍ഷത്തിനും തടവ് ശിക്ഷ വിധിച്ചു. ഇവര്‍ക്ക് അപ്പീല്‍ നല്കാന് ഒരാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കപ്പലിലെ ജീവനക്കാരുടെ കടുത്ത അശ്രദ്ധയും യാത്രക്കാരെ കൈയൊഴിഞ്ഞതും മരണ നിരക്ക് വര്ധിക്കാനിടയാക്കിയെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ക്യാപ്റ്റന്‍ യാത്രക്കാരെ മനഃപൂര്‍വം കൊല്ലാന്‍ ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂളില്‍ നിന്ന് യാത്രപോകുകയായിരുന്ന കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്ന കപ്പല്‍ ദുരന്തത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും. അതേസമയം, കോടതി വിധി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ കോടതിക്കുള്ളിലേക്ക് ഓടിക്കയറി, കോടതിക്ക് ഇവരെ വെറുതെ വിടാമായിരുന്നല്ലോ എന്ന് ആക്ഷേപിച്ചു.
ചിലര്‍ കോടതി വിധിയെ തുടര്‍ന്ന് കരച്ചില് തുടങ്ങിയപ്പോള്‍ മറ്റുചിലര്‍ നീതിയെവിടെ എന്ന് ചോദിച്ച് പ്രതിഷേധിക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.