ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദിനെയും പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിനെയും ഇന്ത്യക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. മനുഷ്യകുലത്തിന്റെ ശത്രുക്കളാണവര്‍. അവരെ എത്രയും വേഗം ഇന്ത്യക്ക് കൈമാറണം. പാകിസ്താന്‍ ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നത് ഗൗരവത്തോടെയാണെങ്കില്‍ ഇവരെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം- വെങ്കയ്യ നായിഡു പറഞ്ഞു.
പെഷാവറില്‍ സ്‌കൂളിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഭീകരതയെ പ്രതിരോധിക്കാന്‍ പാകിസ്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.