ദേശീയ ഗാനത്തോട് അനാദരവ്: തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: തെലുങ്കാനയില്‍ ദേശീയ ഗാനത്തെ അനാദരിച്ചതിന് പ്രതിപക്ഷ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് ഇവരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

നിയമസഭാ സമ്മേളനം ആരംഭിച്ച ശനിയാഴ്ച ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിന് മുമ്പും അവസാനവും ദേശീയഗാനം പാടിയിരുന്നു. അതിനിടെ, ടി.ഡി.പി എം.എല്‍.എമാര്‍ ബഹളം വയ്ക്കുകയും സ്പീക്കറുടെ ചെയറിനു നേരെ പേപ്പറുകള്‍ ചുരുട്ടി എറിഞ്ഞ് ബഹളം വച്ചു. ടി.ആര്‍.എസ് സര്‍ക്കാര്‍ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്ലക്കാര്‍ഡുകളും എം.എല്‍.എമാര്‍ ഉയര്‍ത്തിക്കാട്ടി.പിന്നീട് സഭയില്‍ നിന്ന് പുറത്തു പോകാന്‍ കൂട്ടാക്കാതിരുന്ന എം.എല്‍.എമാരെ മാര്‍ഷലുകള്‍ എത്തി പുറത്താക്കുകയായിരുന്നു.

അതേസമയം, എം.എല്‍.എമാര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ. ജനറെഡ്ഡിയും ബി.ജെ.പി നിയമസഭാകക്ഷി നേതാവ് കെ. ലക്ഷ്മണും സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. ടി.ഡി.പിയുടെ കക്ഷി നേതാവ് ദയാകര്‍ റാവുവിനെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചെങ്കിലും അദ്ദേഹം അവസരം പ്രയോജനപ്പെടുത്തിയില്ലെന്ന് നിയമസഭാ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഹരീഷ് റാവു ചൂണ്ടിക്കാട്ടി. മാത്രമല്ല, സംഭവത്തില്‍ എം.എല്‍.എമാര്‍ ഖേദം പ്രകടിപ്പിച്ചാല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കാമെന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനവും പറഞ്ഞു. എം.എല്‍.എമാരെ പുറത്താക്കുന്നതിന് പ്രമേയം അവതരിപ്പിച്ച നിയമസഭാ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഹരീഷ് റാവു ചൂണ്ടിക്കാട്ടി. എന്നാല്‍ എം.എല്‍.എമാര്‍ ഇതിന് തയ്യാറായില്ല.

Top