ധാര്‍മ്മിക രോഷമുള്ളവര്‍ സര്‍വ്വീസില്‍ നിന്നും പുറത്തു പോകുന്നതാണ് ശരിയെന്ന് ഡിജിപി

തിരുവനന്തപുരം: ധാര്‍മ്മികരോഷം വരുമ്പോള്‍ അഖിലേന്ത്യാ സര്‍വീസില്‍ നിന്നും പുറത്തു വരുന്നതാണ് ശരിയെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍.

അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം (1968) സംബന്ധിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി ഡിജിപി വീണ്ടും രംഗത്തെത്തിയത്.

രാജ്യത്തെ ഭരണഘടനയെയും, അതനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെയും ആസ്പദമാക്കി പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് വരുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചും ഐപിഎസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ടുതന്നെ അത് പരിപാലിക്കേണ്ട ചുമതലയും അവര്‍ക്കുണ്ടെന്ന് ഡിജിപി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുകയും, അതേസമയം തന്റെ ധാര്‍മികരോഷം മുഴുവന്‍ മാധ്യമങ്ങളില്‍ പറയുകയും ചെയ്യുക എന്നതു ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് ‘വിസില്‍ ബ്‌ളോവര്‍’ മാരാകാം. തങ്ങളുടെ അന്വേഷണ ഫയലിലും മറ്റ് ഔദ്യോഗിക ചര്‍ച്ചകളിലും അഭിപ്രായങ്ങള്‍ തുറന്നുപറയാം. വേണമെങ്കില്‍ കോടതികളെയും സമീപിക്കാം. അതിലും ഉപരിയായി ധാര്‍മികരോഷമുണ്ടെങ്കില്‍ കേജ്‌രിവാളിനെപ്പോലെ പുറത്തുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കി മല്‍സരിക്കാം. ഇതിനൊന്നും ആരും എതിരല്ലെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

All India Services (Conduct) Rules വായിച്ചതില്‍ പിന്നെ പലരും പ്രതികരിക്കുകയുണ്ടായി. അവര്‍ക്ക് മനസിലാകുന്നതിനു വേണ്ടി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. ഇന്ത്യ എഴുതപ്പെട്ട ഭരണഘടനയുള്ള ഒരു ജനാധിപത്യരാജ്യമാണ്. ഭരണഘടന അനുസരിച്ച് ഓരോ വിഭാഗത്തിന്റെയും അധികാരങ്ങളും, പരിമിതികളും, പരിധികളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയെയും, അതനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെയും ആസ്പദമാക്കി പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് വരുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചും ഐപിഎസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ടുതന്നെ അത് പരിപാലിക്കേണ്ട ചുമതലയും അവര്‍ക്കുണ്ട്.

തങ്ങളുടെ 30, 35 വര്‍ഷം വരുന്ന സേവനത്തിനിടെ നിരവധി കാര്യങ്ങള്‍ വിവിധ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാറുണ്ട്. അവയില്‍ ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്നതില്‍ നിന്നും All India Services (Conduct) Rules അനുസരിച്ച് നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ നിബന്ധനകള്‍ മറികടന്ന് ചില കാര്യങ്ങളില്‍ തന്റെ സ്വന്തം നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നത് ഇത്തരം പെരുമാറ്റച്ചട്ടങ്ങളുടെ നിഷേധമാണ്.

പറയുന്നത് സത്യമോ, സ്വന്തം അഭിപ്രായമോ എന്നതല്ല കാര്യം. മാത്രമല്ല, ഒരു ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കാര്യം മാധ്യമങ്ങളോട് പറയുമ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ അത് ശരിയല്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഇക്കാര്യത്തില്‍ നിരവധി തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുമുണ്ട്. ഉദാഹരണമായി, ആയിരക്കണക്കിന് കേസുകള്‍ വിവിധ സര്‍ക്കാരുകള്‍ പിന്‍വലിക്കാന്‍ നടപടികള്‍ എടുക്കാറുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും പൊലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ്. ഇതിലെ ഓരോ പോലീസുദ്യോഗസ്ഥനും മാധ്യമങ്ങളില്‍ വന്ന് സര്‍ക്കാര്‍ നടപടികളെപ്പറ്റി പ്രതികരിച്ചാല്‍ എന്തായിരിക്കും സ്ഥിതി തികഞ്ഞ നട്ടെല്ലോടെ അഴിമതിക്കെതിരെയും, മറ്റ് തെറ്റായ നടപടിക്കള്‍ക്കെതിരെയും അനുവദനീയമായ രീതിയില്‍ പ്രതികരിക്കുകയും, നടപടികള്‍ എടുക്കുകയും ചെയ്യുക എന്നുള്ളതാണ് ഉദ്യോഗസ്ഥ ധര്‍മ്മം.

അതിലും കൂടുതല്‍ ധാര്‍മ്മികരോഷം വരുമ്പോള്‍ കേജ്‌രിവാളിനെപ്പോലെയോ, വൈ.പി. സിങ്ങിനെപ്പോലെയോ, അജിത് ജോഗിയെപ്പോലെയോ സര്‍വീസില്‍ നിന്നും പുറത്തു വരണം. അതാണ് ജനാധിപത്യത്തിലെ ഇപ്പോഴത്തെ സംവിധാനം. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുകയും, അതേസമയം തന്റെ ധാര്‍മികരോഷം മുഴുവന്‍ മാധ്യമങ്ങളില്‍ പറയുകയും ചെയ്യുക എന്നതല്ല. മാത്രമല്ല, മറ്റ് വിഭാഗങ്ങളിലുള്ള എത്രപേര്‍ക്ക് തങ്ങളുടെ മാനേജ്‌മെന്റുകളുടെ തീരുമാനങ്ങള്‍ക്ക് ഉപരി എല്ലാ സത്യങ്ങളും തുറെന്നെഴുതാനും, പറയാനും ആകുന്നുണ്ട്? ഇത്രയും നിയന്ത്രണങ്ങളില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പാര്‍ട്ടി നിലപാടിനെതിരെ എങ്ങനെയാണ് പ്രതികരിക്കുന്നത്? മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പോലുമില്ലാത്ത, നിയമത്തില്‍ വിഭാവനം ചെയ്യാത്ത ഒരു അരാജകത്വത്തിന്റെ വാതില്‍ തുറന്നിടുന്ന അനിയന്ത്രിത സ്വാതന്ത്ര്യങ്ങള്‍ ചില കാര്യങ്ങളില്‍ മാത്രം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ശഠിക്കുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക? അവധാനതയോടെ ചിന്തിക്കാതെ താല്‍ക്കാലികമായ കൈയ്യടികള്‍ക്ക് വശംവദരാകുന്നത് നിയമപരമായി തെറ്റാണ്, ആത്യന്തികമായി അപകടകരവുമാണ്.

നിയമവ്യവസ്ഥകളില്‍ നിന്നുകൊണ്ടു തന്നെ നടപടികള്‍ എടുത്ത് വിജയിച്ച എത്രയോ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ‘വിസില്‍ ബ്‌ളോവര്‍’മാരാകാം. തങ്ങളുടെ അന്വേഷണ ഫയലിലും മറ്റ് ഔദ്യോഗിക ചര്‍ച്ചകളിലും അഭിപ്രായങ്ങള്‍ തുറന്നുപറയാം. വേണമെങ്കില്‍ കോടതികളെയും സമീപിക്കാം. അതിലും ഉപരിയായി ധാര്‍മികരോഷമുണ്ടെങ്കില്‍ കേജ്‌രിവാളിനെപ്പോലെ പുറത്തുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കി മല്‍സരിക്കാം. ഇതിനൊന്നും ആരും എതിരല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ഇരിക്കുമ്പോള്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ക്ക് മാത്രമെ മാധ്യമങ്ങള്‍ പ്രധാനമായും പ്രാധാന്യം കൊടുക്കാറുള്ളൂ എന്ന കാര്യവും സ്മരിക്കുക. റിട്ടയര്‍ ചെയ്തവര്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എത്ര പേര്‍ അത് ശ്രദ്ധിക്കുന്നുണ്ട്. അപ്പോള്‍ ഉദ്ദേശ്യം വ്യക്തമല്ലെ. ഞാനിത് എഴുതുന്നത്, ഇപ്പോള്‍ മാത്രമല്ല, ഈ ഭരണഘടനയും, നിയമങ്ങളും നിലനില്‍ക്കുന്ന അത്രയും കാലത്തേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധകമായ നിയമങ്ങള്‍, എനിക്ക് മനസിലായിട്ടുള്ള കാര്യങ്ങളാണ്.

Top