ന്യൂഡല്‍ഹി: ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനമായി ഇന്ത്യ. നേപ്പാള്‍ ദുരന്തമടക്കം ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നിരവധി വെല്ലുവിളികളാണ് വിദേശകാര്യ മന്ത്രാലയത്തിന് എന്‍ഡിഎ ഭരണകാലത്ത് നേരിടേണ്ടി വന്നിട്ടുള്ളത്.
ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ നിന്നും ഇറാക്കിലെയും ലിബിയയിലെയും മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒരു പോറലുപോലും ഏല്‍പ്പിക്കാതെയാണ് ഇന്ത്യ തിരികെ കൊണ്ടുവന്നിരുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ നയതന്ത്ര വിജയമായിരുന്നു ഇത്.
ബ്രിട്ടീഷ്- അമേരിക്കന്‍ പൗരന്മാരെയും മാധ്യമ പ്രവര്‍ത്തകരെയും തലയറുത്ത് കൊന്ന് ഭീകര താണ്ഡവമാടിയ ഐഎസ് ഭീകരര്‍ എങ്ങനെയാണ് മലയാളികളായ നഴ്‌സുമാര്‍ അടക്കമുള്ളവരെ മോചിപ്പിച്ചതെന്ന കാര്യം ഇപ്പോഴും ‘ഔദ്യോഗിക രഹസ്യമായി’ തുടരുകയാണ്.
പൈശാചിക ഭൂമിയില്‍ നിന്ന് തിരിച്ചെത്തിയവര്‍ ഭീകരരെ കുറിച്ച് പറഞ്ഞത് നല്ല വാക്കുകള്‍ ആയിരുന്നെങ്കില്‍ ഇതിന് ശേഷമാണ് ഐ.എസ് ഭീകരരുടെ യഥാര്‍ത്ഥമുഖം ലോകം ദര്‍ശിച്ചിരുന്നത്.
ഇന്ത്യന്‍ പടക്കപ്പലുകളെയും വ്യോമസേനയെയും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കിനിര്‍ത്തിയായിരുന്നു ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തിയിരുന്നത് എന്നത് ഭീകരരെ ഒത്തു തീര്‍പ്പിന് നിര്‍ബന്ധമാക്കിയ പ്രധാന ഘടകമാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ കേരള കേഡറിലെ മുന്‍ ഐപിഎസ് ഓഫീസര്‍ അജിത് ദോവലും വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിംഗും ‘റോ’ യിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. അമേരിക്ക അടക്കമുള്ള ലോക ശക്തികളെ പോലും ഞെട്ടിച്ച തന്ത്രപരമായ നീക്കമാണ് ഈ മൂവര്‍ സംഘം വിജയത്തിലെത്തിച്ചത്.
ഐഎസ് ഭീകരര്‍ ഇന്ത്യക്കാരെ കൈമാറുന്ന സാഹചര്യം എങ്ങനെ ‘ഒരുങ്ങി’ എന്ന രഹസ്യം ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദിന് പോലും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ലെന്നതാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം മോഡി സര്‍ക്കാരിന് വെല്ലുവിളിയായത് യെമനിലെ ആഭ്യന്തര യുദ്ധമാണ്.
യമന്‍ ഭരണകൂടത്തിന് നേരെ ഇറാന്‍ പിന്‍തുണയോടെ ഹൂതി വിമതര്‍ തുടക്കമിട്ട സായുധ കലാപത്തെ നേരിടാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം തിരിച്ചടി ആരംഭിച്ചതോടെ കലാപഭൂമിയായി മാറിയ യമനിലേക്ക് വിദേശ കാര്യ സഹമന്ത്രിയായ വി.കെ സിംഗ് നേരിട്ടെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇന്ത്യന്‍ നേവിയും എയര്‍ഫോഴ്‌സും രക്ഷപ്പെടുത്തിയത്.
ജിബൂട്ടിയയില്‍ തമ്പടിച്ച മുന്‍ കരസേന മേധാവി കൂടിയായ വി.കെ സിംഗാണ് ‘ഓപ്പറേഷന്‍ റാവത്തിന് ‘ നേതൃത്വം കൊടുത്തത്. ഇന്ത്യയുടെ ഈ നീക്കത്തിന്റെ ഭാഗമായി നൂറ് കണക്കിന് വിദേശികള്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയിരുന്നു.
മുന്‍ കാലങ്ങളില്‍ ലോക രാഷ്ട്രങ്ങളിലെ സംഭവവികാസങ്ങളില്‍ ‘നിഷ്പക്ഷത’ പാലിച്ച് നീങ്ങിയിരുന്ന ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ രാജ്യത്തിന്റെ കരുത്തും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നതായാണ് ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ വിലയിരുത്തുന്നത്.
ലോകത്തിന്റെ എനര്‍ജി റൂട്ടായി അറിയപ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിത്യ ഭീഷണിയായിരുന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്തി വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും ഇന്ത്യന്‍ സൈന്യം ജാഗ്രത കാട്ടിയിരുന്നു.
മാലി ദ്വീപില്‍ ശുദ്ധജല സംഭരണി തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കപ്പലുകളിലും വിമാനങ്ങളിലുമായി ശുദ്ധജലമെത്തിച്ചാണ് ഇന്ത്യ മാലി ദ്വീപിന്റെ ദാഹം തീര്‍ത്തത്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പത്തിലും രക്ഷാ പ്രവര്‍ത്തനത്തിലെ സജീവ സാന്നിധ്യമായതും ഇന്ത്യന്‍ സൈന്യമാണ്. മോഡി സര്‍ക്കാരിന്റെ ആഗ്രഹങ്ങള്‍ക്കും അപ്പുറമുള്ള നയതന്ത്ര ഇടപെടലുകളാണ് അജിത് ദോവലും വി.കെ സിംഗും ഇപ്പോള്‍ നടത്തുന്നത്.
ഇന്ത്യക്ക് മുന്‍കാലങ്ങളില്‍ പരിചിതമല്ലാത്ത വഴിയില്‍ രാജ്യത്തിന്റെ കരുത്തും അന്തസും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടി ചോര ചിതറിയ മണ്ണില്‍ സാന്ത്വനമേകുന്ന ഇന്ത്യന്‍ സൈന്യം ലോക ഹൃദയങ്ങളാണ് കീഴടക്കുന്നത്.