ഹൈദരാബാദ്: മന്ത്രവാദത്തിനിടെ നാലുവയസ്സുകാരനെ തലയറുത്ത് ബലി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ വാലെറ്റിവരിപള്ളം മണ്ഡല് പോകുരു കോളനിയിലാണ് സംഭവം. മന്ത്രവാദം ചെയ്തെന്ന് ആരോപിച്ച് തിരുമല റാവു എന്നയാളെ നാട്ടുകാര്‍ ജീവനോടെ കത്തിക്കുകയും ചെയ്തു.
ഗ്രാമത്തിലെ അങ്കണവാടിയില്‍ പോയ എല്‍ മഹേന്ദ്രയുടെയും ആദിലക്ഷ്മിയുടെയും മകനായ എല്‍.മനുസാഗര് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.
തിരുമല റാവു എന്നയാള്‍ കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അയാളുടെ വീട്ടിലെത്തിയപ്പോള്‍ മനുസാഗറിന്റെ തലയറുത്ത ശരീരം രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ തല ശരീരത്തില്‍ നിന്നു വെട്ടി മാറ്റി വച്ചിരുന്നു. ഒരു പാത്രത്തില്‍ നിറയെ രക്തവും ശേഖരിച്ചിട്ടുണ്ടായിരുന്നു. മകന്റെ ശരീരം കണ്ട് അലറിവിളിച്ച മാതാവ് പിന്നീട് ബോധം കെട്ടുവീണു.
സംഭവ സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെട്ട റാവുവിനെ കണ്ടെത്തി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ജീവനോടെ കത്തിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ആദിലക്ഷ്മിയുടെ പരാതിയനുസരിച്ച് പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്തം ശേഖരിച്ചത് വീടിനു ചുറ്റും റാവു ഒഴിച്ചിരുന്നുവെന്ന് നാട്ടുകാരെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു.