ചെന്നൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ഇക്കോ സ്‌പോര്‍ട്ട് ശ്രേണിയിലെ 16,444 എസ്.യു.വികള്‍ തിരിച്ചു വിളിക്കുന്നു. പിന്‍ഭാഗത്തെ സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ നിര്‍മ്മാണതകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചെന്നൈ പ്ലാന്റില്‍ 2013 നവംബറിനും 2014 ഏപ്രിലിനും മദ്ധ്യേ നിര്‍മ്മിച്ച ഇക്കോ സ്‌പോര്‍ട്ടുകളാണ് തകരാറ് പരിഹരിക്കുന്നതിനായി തിരിച്ചു വിളിക്കുന്നത്.
ഈ കാലയളവില്‍ നിര്‍മ്മിച്ച ചില ഇക്കോ സ്‌പോര്‍ട്ടുകളില്‍ റിയര്‍ ട്വിസ്റ്റ് ബീം(ആര്‍.ടി.ബി) ബോള്‍ട്ട് നിര്‍ദ്ദിഷ്ട രീതിയില്‍ ഉറപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രധാന ബോള്‍ട്ട് തകരാന്‍ കാരണമായേക്കുമെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വാഹനത്തിന്റെ നിയന്ത്രണത്തെ ഇത് ബാധിച്ചേക്കാമെന്നും അപകട സാദ്ധ്യത വര്‍ദ്ധിപ്പിച്ചേക്കുമെന്നും കമ്പനി സൂചിപ്പിച്ചു.
അതേസമയം, ഇക്കാരണത്താല്‍ ഇതുവരെ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. നിശ്ചിത തകരാറ് ഡീലര്‍മാര്‍ സൗജന്യമായി പരിഹരിച്ചുതരുമെന്നും ഫോര്‍ഡ് വ്യക്തമാക്കി.