പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം കമല്‍ ഹാസന് വീണ്ടും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു. സെയിഫ് അലി ഖാനോടൊപ്പം ‘അമര്‍ ഹേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കമല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമകാലീന രാഷ്ട്രീയം, പണം, അധോലകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി കമല്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. വീരേന്ദ്ര കെ. അറോറയും അര്ജുന് എന്‍. കപ്പൂറുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
പല രീതിയിലും അമര്‍ ഹേ വളരെ പ്രത്യേകതകളുള്ള ചിത്രമാണ്. ഒന്ന്, ഏറെ കാലത്തിന് ശേഷം കമല്‍ ഹാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധാനം ചെയ്യുന്നതും എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കമല്‍ ഹാസന്റെ മനസിലുള്ള ഈ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്റെ സ്ഥാനത്ത് സെയിഫ് അലി ഖാന് തന്നെയായിരുന്നു എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
മുംബയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിലൂടെയാണ് കഥ മുന്നേറുന്നത്. ചില അന്താരാഷ്ട്ര പട്ടണങ്ങളിലാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്.
ഒരു സാധാരണ നായകന്റെ വേഷമല്ല താന്‍ അവതരിപ്പിക്കുന്നതെന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വീക്ഷണമുള്ളൊരു വ്യക്തിയുടെ വേഷമാണെന്നും കമല്‍ പറഞ്ഞു. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാകും. എന്നാല്‍ അതാരാക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.
1997ല്‍ പുറത്തിറങ്ങിയ ‘ചാച്ചി 420’ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇതിന് മുന്‍പ് കമല്‍ അഭിനയിച്ചിരുന്നത്. വിശ്വരൂപം ഉള്‍പ്പടെ കമലിന്റെ തമിഴിലെ പല ചിത്രങ്ങളും ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. തൂങ്കാവനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. അദ്ദേഹത്തിന്റെ പാപനാശം എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും.