‘നെതന്യാഹുവിന്റെത് ഗൂഢ തന്ത്രം’: ശക്തമായ വിമര്‍ശവുമായി ഒബാമ

തെല്‍അവീവ്: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ രംഗത്തെത്തി. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചുമതലയിലുള്ള ചര്‍ച്ചകള്‍ ഉപേക്ഷിച്ചതിനാണ് വിമര്‍ശനം. ന്യൂനപക്ഷ അറബ് വോട്ടര്‍മാര്‍ക്ക് നേരെ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രം എന്നാണിതിനെ ഒബാമ വിശേഷിപ്പിച്ചത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയില്‍ നിന്ന് വിഭാഗീയത ഉയര്‍ത്തുന്നതിന് സാഹായകമായ പ്രയോഗങ്ങള്‍ ഉത്ഭവിക്കുന്നത് ശക്തമായ ഉത്കണ്ഠ ഉളവാക്കുവെന്നാണ് നെതന്യാഹുവിന്റെ വിജയവുമായി ബന്ധപ്പെട്ട് ഒബാമ നടത്തിയ ആദ്യത്തെ പരസ്യ പ്രതികരണം.

നെതന്യാഹുവിന്റെ നിര്‍ണായക വിജയത്തെ ഒബാമയുടെ ഭരഭണകൂടം ആശീര്‍വദിച്ചിരുന്നു. പക്ഷേ, നെതന്യാഹുവിനോട് ഒബാമ പ്രകടിപ്പിച്ച ശക്തമായ വിയോജിപ്പ്, ഇറാന്റെ ആണവചര്‍ച്ചകളുമായി ബന്ധപ്പെട്ട് അമേരിക്ക കൈകൊള്ളാനിരുന്ന സമാധാനശ്രമങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപവത്കരിക്കുമെന്ന നേരത്തെയുള്ള നിലപാടുകളില്‍ നിന്ന് നെതന്യാഹു പിന്‍മാറുകയായിരുന്നു. രണ്ട് ദശകത്തിലധികം നീണ്ട് നിന്ന സമാധാന ശ്രമങ്ങളാണ് ഈ പിന്മാറ്റത്തിലൂടെ തകര്‍ത്തെറിഞ്ഞത്. അതിനുപുറമെ അധിനിവേശ പ്രദേശത്ത് കെട്ടിയ നിര്‍മിതികള്‍ തകര്‍ക്കുമെന്ന് കൂടി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഒബാമയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍, അടിത്തറ വിപുലപ്പെടുത്താനായി നടത്തിയ ഒരു കപടതന്ത്രമാണ് താന്‍ ഭരണം കൈയാളുന്ന കാലത്തോളം ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാവില്ലെന്ന ബെഞ്ചമിന്‍ നെതിന്യാഹുവിന്റെ പ്രസ്താവനയെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇതേക്കുറിച്ച് വ്യക്തമക്കി.

Top