നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം ശക്തമാക്കുന്നു

മൈദുഗുരി: നൈജീരിയയിലെ പ്രമുഖ നഗരമായ മൈദുഗുരിയില്‍ ബോകോ ഹറാം വീണ്ടും ആക്രമണം നടത്തി. മൈദുഗുരിയുടെ തെക്കുഭാഗം ഇന്നലെ ആയുധധാരികളായ ബോകോ ഹറാം ആക്രമിച്ചതായും തന്ത്രപ്രധാനമായ നഗരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തലാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൈജീരിയയില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നഗരം കൈവശപ്പെടുത്താന്‍ ബോക്കോ ഹറാം രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ ഭാഗത്തുനിന്നും ആക്രമണ ഭീതിയുള്ളതിനാല്‍ നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ബോകോ ഹറാമിനെ നേരിടാന്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് നൈജീരിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് സൈന്യം ഇവര്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ വിവിധ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ ബോകോ ഹറാം മൈദുഗുരിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് സുരക്ഷാ അധികൃതര്‍ പറയുന്നു.

ബോകോ ഹറാമിനെതിരെ പോരാടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുവരണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ യൂനിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെ, 7,500 സൈനികരെ ബോകോ ഹറാമിനെതിരെ പോരാടാന്‍ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Top