മൊബൈലിന്റെ പര്യായമായിരുന്ന നോക്കിയ എന്ന ബ്രാന്‍ഡ്‌നാമം മൈക്രോസോഫ്റ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചു. നോക്കിയ എന്ന പേര് പൂര്‍ണമായി ഒഴിവാക്കി ‘ലൂമിയ’ എന്നു മാത്രമാക്കി ഇനി തങ്ങളുടെ ഫോണുകളുടെ ബ്രാന്‍ഡ് നാമം ചുരുക്കാനാണത്രേ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് നോക്കിയ കമ്പനിയുടെ മുഖ്യഭാഗം മൈക്രോസോഫ്റ്റിന്റെ ഭാഗമായത്. അതോടൊപ്പം നോക്കിയയുടെ ബ്രാന്‍ഡ് നാമം അടുത്ത പത്തുവര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് നേടിയിരുന്നു.
എന്നാല്‍, നോക്കിയ എന്ന പേര് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന.
ഒരു പ്രമുഖ ടെക് സൈറ്റാണ് നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശമുള്ള മൈക്രോസോഫ്റ്റിന്റെ ഇന്റേണല്‍ ഡോക്യുമെന്റും പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പക്ഷേ, മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ പുതിയ നിര്‍ദേശപ്രകാരമാണെങ്കില്‍, നോക്കിയ ലൂമിയ 730, നോക്കിയ ലൂമിയ 830 എന്നിവ നോക്കിയയുടെ പേരില്‍ പുറത്തിറങ്ങിയ അവസാനത്തെ ഫോണുകളാകും.
അതേസമയം, നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഒഴിവാക്കുന്നത് തങ്ങളുടെ മുന്‍നിര ഫോണുകളായ ലൂമിയയില്‍നിന്ന് മാത്രമായിരിക്കുമെന്നും സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ‘നോക്കിയ 130’ പോലുള്ള താഴ്ന്ന ശ്രേണിയിലുള്ള ഫോണുകളില്‍ ആ ബ്രാന്‍ഡ്‌നാമം നിലനിര്‍ത്തിയേക്കുമെന്നും പറയപ്പെടുന്നു.