പത്തേമാരിയില്‍ എന്താണ് പുതുമയുള്ളത് ? വര്‍ഷങ്ങളായി നമ്മള്‍ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയല്ലേ അതിലുള്ളൂ?
‘കണ്ടുകൊണ്ടിരിക്കുന്നത്’ എന്നു പറഞ്ഞുവെങ്കിലും നമ്മള്‍ ഒന്നും കണ്ടില്ല അല്ലെങ്കില്‍ കാണാന്‍ മറന്നുപോയി എന്നുപറയുന്നതാവും ശരി. ഇത്രയുംനാള്‍ നാം കണ്ടത് മനസ്ലില്‍ തെളിയാന്‍ മമ്മുട്ടിയെന്ന അതുല്യനടന്റെ അഭിനയപ്രതിഭയും സലിം അഹമ്മദിന്റെ സംവിധാന മികവും വേണ്ടിവന്നു എന്നുമാത്രം.
നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു വീട്ടില്‍ കുറഞ്ഞത് ഒരാള്‍ എന്ന കണക്കില്‍ ഗള്‍ഫ് ജോലിക്കാരുള്ള ഗ്രാമങ്ങള്‍ ധാരാളമാണ്. ഏതെങ്കിലും ഒരു മലയാളി ഒന്നുകില്‍ തന്റെ വീട്ടുകാര്‍ അല്ലെങ്കില്‍ ഏറ്റവും അടുത്ത ബന്ധുക്കളിലാരെങ്കിലും ഗള്‍ഫില്‍ ജോലിയില്ലാത്തവരായി ഉണ്ടാകാന്‍ സാധ്യതയില്ല. ഗള്‍ഫ് രാജ്യങ്ങള്‍ അത്രമാത്രം മലയാളികളുടെ ജീവിതവുമായി ഇഴചേര്‍ന്നുകിടക്കുന്നു.
ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനും അതിലെ ഓരോ കഥാപാത്രങ്ങളെയും അവര്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളില്‍ നിന്ന് ഓര്‍ത്തെടുക്കാനാവും. പലവട്ടം കണ്ടിട്ടും അതു കാണാതിരുന്നതില്‍ ഹൃദയത്തില്‍ അല്‍പം നോവ് പടരാത്തവരും കുറവായിരിക്കും. പച്ചയായ ജീവിതം ഇത്ര ഹൃദയസ്പര്‍ശിയായും അതിമനോഹരവുമായും വരച്ചുകാട്ടാന്‍ സംവിധായകന് സാധിച്ചുവെങ്കില്‍ അതിനര്‍ഥം നമുക്കു കാണുവാന്‍ കഴിയാതിരുന്നത് അദ്ദേഹത്തിന് കാണുവാനും ആഴത്തിലറിയുവാനും സാധിച്ചിട്ടുണ്ടെന്നതാണ്.
ഒരു ഗള്‍ഫുകാരന്റെ 50 വര്‍ഷത്തെ ഗള്‍ഫ് ജിവിതവും നാട്ടുനോവും (Nostalgia) അതിവേഗത്തിലാണ് ചിത്രത്തില്‍ പറഞ്ഞുപോകുന്നതെങ്കിലും ഓരോ രംഗവും പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിച്ചിട്ടാണ് കടന്നുപോകുന്നത്. തന്റെ ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ അല്ലെങ്കില്‍ കൂട്ടുകാരന്‍ ഒരു ഗള്‍ഫുകാരനാണ് എന്ന് പറയുന്നത് അഭിമാനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും അതിന് വലിയ കോട്ടമൊന്നും വന്നിട്ടില്ല.
അമ്പതുവര്‍ഷം മുമ്പുള്ള ഗള്‍ഫ് ജീവിതവും ഇപ്പോഴത്തെ ജീവിതവും തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. പണ്ടുകാലത്ത് ഗള്‍ഫില്‍ എത്തിപ്പെടുക എന്നതായിരുന്നു ദുഷ്‌കരം എങ്കില്‍ ഇപ്പോള്‍ തിരിച്ചല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് വെറും മൂന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗള്‍ഫിലെത്താം. അന്നെല്ലാം വളരെ ക്ലേശങ്ങള്‍ സഹിച്ച് ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നവര്‍ക്ക് അവിടെ നല്ല ജീവിതവും നല്ല ശമ്പളവും ലഭിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ നേരെ തിരിച്ചാണ്.
പണ്ടുകാലത്ത് ഗള്‍ഫ് രാജ്യങ്ങളും കേരളവും തമ്മില്‍ നിലനിന്നിരുന്ന അടുത്ത വ്യാപാരബന്ധങ്ങള്‍ മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളെ എളുപ്പം പരിചയപ്പെടാനും അവിടെ കുടിയേറാനും സാധിച്ചിരുന്നെങ്കില്‍ ഇന്ന് എല്ലാ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തപ്പെടുന്നു. കൂലിയില്‍ വന്‍ കുറവു വരാനും ജോലിസാധ്യത കുറയാനും ഇതെല്ലാം കാരണമാവുന്നുണ്ട്. ചിത്രത്തില്‍ ഈ വിഷയങ്ങള്‍ പരാമര്‍ശിക്കാതിരുന്നത് ഒരു പക്ഷെ സമയക്കുറവ് എന്ന പരിമിതികൊണ്ടു മാത്രമായിരിക്കാം.
ചിത്രത്തിലെ പല ഡയലോഗുകളും പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ”നാട്ടില്‍ അഞ്ചും ആറും കക്കൂസുള്ളവന്മാരാണ് ഇവിടെ കക്കൂസില്‍ പോകാന്‍ ക്യൂ നില്‍ക്കുന്നത്” എന്ന ഒറ്റ ഡയലോഗ് മതി ഗള്‍ഫിലെ ഇടുങ്ങിയ മുറികളില്‍ തിങ്ങിക്കൂടിക്കഴിയുന്ന മലയാളികളുടെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാവാന്‍. അയല്‍പക്കത്തെങ്കിലും ഒരു ഗള്‍ഫുകാരനുണ്ടെങ്കില്‍ ഈ സിനിമ നിങ്ങളെ സ്പര്‍ശിക്കുമെന്നു പറഞ്ഞ സംവിധായകന്‍ സലിം അഹമ്മദിന്റെ വാക്കുകള്‍ ഒട്ടും അതിശയോക്തിയല്ലെന്ന് ചിത്രം കാണ്ടാല്‍ മനസ്സിലാവും.
നമ്മുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന നന്മകളെ തൊട്ടുണര്‍ത്തുന്ന ഇതുപോലുള്ള ചിത്രങ്ങളുടെ വിജയം നല്ല നിലവാരമുള്ള ചിത്രങ്ങളോടുള്ള മലയാളിയുടെ മമത ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന് തെളിവാണ്.