പാരീസ്: പലസ്തീനെ രാജ്യമായി അംഗീകരിക്കുവാനുള്ള പ്രമേയം ഫ്രാന്‍സ് പാസാക്കി. ബ്രിട്ടണ്, സ്പെയിന് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ പാലസ്തീനെ അംഗീകരിക്കണമെന്ന് പ്രമേയം പാസാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. 151 പേര് പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 339 പേര് പലസ്തീന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായി പരിഹാരം കാണുവാന്‍ പാലസ്തീനെ അംഗീകരിക്കണമെന്ന നിലപാടാണ് ഫ്രാന്‍സിന്.
ഫ്രാന്‍സിന്റെ നടപടിക്ക് എതിരെ ഇസ്രായേല്‍ രംഗത്ത് വന്നുകഴിഞ്ഞു. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാന്‍ ഇതു വഴിവയ്ക്കുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആഗോള തലത്തില്‍ 135 രാജ്യങ്ങള്‍ തങ്ങളെ ഇതിനോടകം അംഗീകരിച്ചതായാണ് പലസ്തീന് പറയുന്നത്.