കൊലയാളികള്‍ക്ക് 51 കോടി വാഗ്ദാനം: ബി.എസ്.പി നേതാവ് കുടുങ്ങും

ലക്‌നൗ: പാരീസിലെ ‘ഷാര്‍ളി എബ്ദോ’വാരികയ്ക്ക് നേരെ ആക്രമണം നടത്തി 12 പേരെ കൊലപ്പെടുത്തിയവരെ പ്രശംസിക്കുകയും 51 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്ത ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് യാക്കൂബ് ഖുറേഷിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രവാചകനെ നിന്ദിക്കുന്നത് മരണം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. പ്രവാചകന്‍ മുഹമ്മദ് ലോകം മുഴുവന്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിനെതിരായ കാര്‍ട്ടൂണ്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ പാരീസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചതു പോലെ മരണം ഉറപ്പാണെന്നും ഖുറേഷി പറഞ്ഞു.

അതേസമയം, പാരീസിലെ ‘ഷാര്‍ളി എബ്ദോ’വാരികയ്ക്ക് നേരെ ആക്രമണം നടത്തിയവര്‍ക്ക് താന്‍ 51 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത ഖുറേഷി നിഷേധിച്ചു. ആക്രമികള്‍ക്ക് പണം കൊടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖുറേഷിയുടെ പ്രസ്താവന ശരിയാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും നമ്മുടെ രാജ്യത്ത് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഉത്തര്‍പ്രദേശ് ഐ.ജി.പി (ലോ ആന്‍ഡ് ഓര്‍ഡര്‍) സതീഷ് ഗണേഷ് അറിയിച്ചു.

ബുധനാഴ്ച്ച പാരീസിലെ ‘ഷാര്‍ളി എബ്ദോ’വാരികയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു യാക്കൂബ് ഖുറേഷിയുടെ വിവാദ പ്രസ്താവന.

ഇതാദ്യമായല്ല ഖുറേഷി വിവാദ പ്രസ്താവന നടത്തുന്നത്. 2006ല്‍ പ്രവാചകന്‍ മുഹമ്മദിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ കൊലപ്പെടുത്തുന്നവര്‍ക്കും ഖുറേഷി 51 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

Top