പാരിസ് ഭീകരരെ ന്യായീകരിച്ചു മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഫ്രഞ്ച് വാരിക ചാര്‍ലി ഹെബ്ദോയുടെ ചീഫ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേരെ വെടിവച്ചുകൊന്ന ഭീകരരെ ന്യായീകരിച്ചു മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. അശക്തരായ മുസ്ലിംകള്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കെതിരേ നടത്തുന്ന തിരിച്ചടിയാണു ഫ്രാന്‍സില്‍ കണ്ടതെന്നാണ് ഒരു ടിവി ചാനലിന്റെ ചര്‍ച്ചയ്ക്കിടയില്‍ അയ്യരുടെ വാദം.

9/11 ആക്രമണത്തിനു ശേഷം നിഷ്‌കളങ്കരായ നിരവധി മുസ്ലിംകളെ യുഎസ് കൊന്നൊടുക്കി. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും എന്താണു സംഭവിച്ചത്? ശക്തരെന്നു കരുതി എന്തും ചെയ്യാമോ? അശക്തര്‍ അവരുടെ മാര്‍ഗങ്ങളിലൂടെ തിരിച്ചടിക്കും. അതാണ് പാരിസില്‍ കണ്ടത്.മുസ്ലിം സ്ത്രീകള്‍ക്കു ശിരോവസ്ത്ര നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പ്രതികാരമാണിതെന്നും അയ്യര്‍.

മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയോടു കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ അയ്യര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണുയരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോദിയെ എഐസിസി സമ്മേളന വേദിയില്‍ ചായ വില്‍ക്കാന്‍ ക്ഷണിച്ച അയ്യര്‍ വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെ ബിജെപി ആരംഭിച്ച ‘ചായക്കട ചര്‍ച്ച’ പാര്‍ട്ടിക്കു വലിയ നേട്ടമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Top