പാറ്റൂര്‍ ഭൂമിയിടപാട്: അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്.  എഡിജിപി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും നിര്‍മാണ കമ്പനി 30.98 സെന്റ് പുറമ്പോക്ക് കൈയേറിയതായും റിപ്പോര്‍ട്ടിലുണ്ട്. ഭൂമിയുടെ പോക്കുവരവ് ഉടനടി റദ്ദാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ കളക്ടര്‍ കെ.എന്‍. സതീഷ്, ഡെപ്യൂട്ടി കളക്ടര്‍ ഷീബാ ജോര്‍ജ്, നഗരസഭ, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ദുര്‍ഭരണവും ഗുരുതരമായ വീഴ്ചയുമുണ്ടായി. ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അതേസമയം ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, മുന്‍ റവന്യൂ സെക്രട്ടറി നിവേദിതാ പി. ഹരന്‍ എന്നിവര്‍ക്കെതിരേ ഈ ഘട്ടത്തില്‍ തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഫല്‍റ്റ് നിര്‍മാണം നടക്കുന്ന 24 സെന്റ് ഉള്‍പ്പെടെ 30.98 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് നിര്‍മാണ കമ്പനി കൈയേറിയത്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരും അടുത്തമാസം ആറിന് നേരിട്ട് ഹാജരാകാനും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Top