ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍നിന്ന് 30,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്പോള്‍ ഇനി മുതല്‍ ആദായനികുതി ഈടാക്കും. തൊഴിലാളിക്ക് അഞ്ചുകൊല്ലത്തിനുമേല് സര്‍വീസുണ്ടെങ്കില്‍ ടി.ഡി.എസ്. (ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ്) ഈടാക്കില്ല. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ഇ.പി.എഫ്.ഒ.യ്ക്ക് നിര്‍ദേശം നല്കി.
അഞ്ചുകൊല്ലത്തിനുള്ളില്‍ സര്‍വീസുള്ള തൊഴിലാളി ‘പാന്‍’ നമ്പര്‍ നല്‍കിയില്ലെങ്കില്‍ 34.6 ശതമാനമാണ് നികുതി നല്‍കേണ്ടത്. പാന്‍ നമ്പറിനോടൊപ്പം ‘ഫോം 15 ജി’ അല്ലെങ്കില്‍ ഡഫോം ’15 എച്ച്’ സമര്‍പ്പിക്കാത്തവര്‍, പിന്‍വലിക്കുന്ന തുകയുടെ 10 ശതമാനം ടി.ഡി.എസ്. നല്‍കണം. അതേസമയം, ഈ ഫോമുകള്‍ സമര്‍പ്പിച്ചവരില്‍നിന്ന് ടി.ഡി.എസ്. ഈടാക്കില്ല. അതുപോലെ ജോലിമാറ്റം, തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള നടപടിമൂലമല്ലാത്ത പിരിച്ചുവിടല്‍ എന്നീ സന്ദര്‍ഭങ്ങളിലും ടി.ഡി.എസ്. പിടിക്കില്ല.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം മേഖലാ പി.എഫ്. കമ്മീഷണര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അതനുസരിച്ച് പ്രോവിഡന്റ് ഫണ്ടില്‍നിന്ന് തുകകള്‍ പിന്‍വലിക്കാന്‍ നേരത്തേ സമര്‍പ്പിച്ച അപേക്ഷകള്‍ മടക്കി അയച്ചുതുടങ്ങി. ബജറ്റില്‍ അംഗീകരിച്ച വ്യവസ്ഥ പ്രകാരം പരിഷ്കരിച്ച അപേക്ഷകള്‍ സമര്‍പ്പിച്ചാലേ ഇത്തരക്കാര്‍ക്ക് പി.എഫ്. തുക ലഭിക്കൂ. പാര്‍ലമെന്റ് പാസാക്കിയ ധനബില്ലിലെ വ്യവസ്ഥയനുസരിച്ചാണ് നിര്‍ദേശം. ജൂണ്‍ ഒന്നുമുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്.