ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന് ആരിബ് മജീദ് ചാവേര്‍ ആക്രമണം നടത്താനാണ് തിരിച്ചു രാജ്യത്തെത്തിയതെന്ന് വെളിപ്പെടുത്തല്‍. ബുധനാഴ്ച രാത്രി ഐഎസ് അനുഭാവ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇതുസംബന്ധിച്ച ട്വീറ്റുകള്‍ വന്നത്.
കഴിഞ്ഞ നവംബറിലാണ് ചാവേര്‍ ആക്രമണത്തിനായി ആരിബ് ഇന്ത്യയിലേക്കു തിരിച്ചതെന്ന് ട്വീറ്റ് പറയുന്നു. മാഗ്നെറ്റ് ഗ്യാസ് എന്നപേരിലുള്ള അക്കൗണ്ട് വഴിയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സഹോദരിയെ പൊലീസ് അപമാനിച്ചെന്നു വിശ്വസിച്ചു പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിക്കാന്‍ പദ്ധതിയിട്ടാണ് ആരിബ് ഇന്ത്യയിലെത്തിയത്.നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആരിബ്.
സിവില്‍ എന്‍ജിനീയറായി ഐഎസിനു വേണ്ടി ജോലി ചെയ്യുന്നതില്‍ ആരിബ് സന്തോഷവാനായിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. പിന്നീട്, സഹോദരി വിളിച്ച് ഇന്ത്യന്‍ പൊലീസ് തന്നെ അപമാനിക്കുന്നതായി അറിയിച്ചു. തുടര്‍ന്നാണ് ഇന്ത്യയിലെത്തി ആ പൊലീസുകാരനെ കൊല്ലാനും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിക്കാനും പദ്ധതിയിട്ടത്. എന്നാല്‍ തിരിച്ചെത്തിയപ്പോഴാണ് ആരിബിനെ തിരിച്ചെത്തിക്കാനായി കുടുംബം നടത്തിയ ശ്രമങ്ങളുടെ ഭാഗമാണതെല്ലാം എന്നു മനസ്സിലായത്. കുടുംബം ആരിബിനെ ചതിക്കുകയായിരുന്നു. ഐഎസ് ഭീകരനായിരുന്ന കാലത്തെ ആരിബിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
തുടര്‍ന്ന് ഐഎസ് ഭീകരരായ വിദേശകള്ക്കൊരു മുന്നറയിപ്പു നല്‍കാനും സന്ദേശം മറന്നില്ല. സ്വന്തം കുടുംബവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതാണ് ആരിബിന്റെ വലിയ തെറ്റ്. ഇത്തരം സാഹചര്യങ്ങളില്‍ അവരെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യരുത്. കൂടാതെ, ഐഎസിനു വേണ്ടി നാല് ചാവേര്‍ ആക്രമണങ്ങള്‍ ആരിബ് നടത്തിയെന്നും എന്നാല്‍ എല്ലാം പരാജയപ്പെട്ടെന്നും ട്വിറ്റര്‍ അക്കൗണ്ട് പറയുന്നു.
വ്യോമാക്രമണങ്ങള്‍, കാര്‍ തകരാറിലായത്, തോളിനു വെടിയേറ്റത് തുടങ്ങിയ കാരണങ്ങളാലാണ് ആക്രമണപദ്ധതി പരാജയപ്പെട്ടത്. കുടുംബത്തെ തന്നോടൊപ്പം കൊണ്ടുപോകാന്‍ ആരിബ് ആഗ്രഹിച്ചിരുന്നെന്നും ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും ട്വിറ്റര്‍ സന്ദേശം പറയുന്നു.
മഹാരാഷ്ട്രയിലെ താനെയിലെ കല്യാണില്‍ നിന്ന് ആരിബിനൊപ്പം ഐഎസില്‍ ചേര്‍ന്ന നാലു യുവാക്കളില്‍ ഒരാളായ ഫഹദ് ഷെയ്ഖ് ആണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് അനുമാനം.
ട്വീറ്റുകളെക്കുറിച്ച് അറിവുണ്ടെന്നും പരിശോധിക്കുകയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറഞ്ഞു. പരാജയപ്പെട്ട ചാവേര്‍ ആക്രമണ പദ്ധതികളെക്കുറിച്ചു ആരിബ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, തന്റെ കക്ഷിയുടെ കേസിനെ അട്ടിമറിക്കാനാണ് ഇത്തരം ട്വീറ്റുകളെന്നു വിശ്വസിക്കുന്നതായി ആരിബിന്റെ അഭിഭാഷകന് അബ്ദുല്‍ വഹാബ് ഖാന് അറിയിച്ചു. ആരിബ് ഇന്ത്യയിലെത്തി പൊലീസിനോടു സഹകരിക്കുന്നതില്‍ അമര്‍ഷമുള്ള ആരോ ചെയ്തതാണിത്. ജാമ്യം ലഭിക്കുന്നതു തടയാനുള്ള ശ്രമമാണ്, അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.