പി. കൃഷ്ണപിള്ള സ്മാരകം ആക്രമണം: ഔദ്യോഗികപക്ഷം തെളിവ് ശേഖരിക്കുന്നു

ആലപ്പുഴ : കണ്ണാര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകത്തിനു തീയിട്ടവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘത്തിനു കൈമാറാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന വി.എസ്. അച്യതാനന്ദന്റെ പ്രതികരണത്തിനു പിന്നാലെ സംഭവം സംബന്ധിച്ച് തുടരന്വേഷണം നടത്താനും ശ്രമം തുടങ്ങി.
കീഴ്ഘടകങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപിതര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന വി.എസിന്റെ പ്രസ്താവനയാണ് എതിര്‍ പക്ഷത്തെ ചൊടിപ്പിച്ചത്. പ്രതികള്‍ക്കെതിരേ പാര്‍ട്ടി കണ്ടെത്തിയ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന് ഇവര്‍ സംസ്ഥാന നേതൃത്വത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം അന്വേഷിക്കണം. കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ അഭിഭാഷകനു കൈമാറാനും നീക്കമുണ്ട്.
പ്രാദേശികതലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക വികാരം കണക്കിലെടുത്ത് പ്രതികളോടു കടുത്ത നിലപാട് സ്വീകരിക്കണമെന്നും ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Top