കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വച്ചു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്താണ് രാജി അറിയിച്ചത്. 12-ാം തിയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. കെ.എം മാണി തന്നെ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാണിക്കൊപ്പം കൈക്കൂലിക്കച്ചവടം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം.
അഴിമതിക്കെതിരായ പോരാട്ടം തന്റെ ധര്‍മമാണ്. പണമുണ്ടാക്കുക എന്നാണ് മാണിയുടെ കര്‍മം. അഴിമതി ആര് കാട്ടിയാലും താന്‍ പോരാടും. യഥാസമയം രാജിവച്ച് താന്‍ മാതൃക കാട്ടുകയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ആരോപണ വിധേയനാണ്. ബാര്‍ കോഴക്കേസില്‍ മാണി ഒറ്റയ്ക്കാണ് അഴിമതി നടത്തിയതെന്നു താന്‍ കരുതുന്നില്ല. അഴിമതിക്കു കൂട്ടുനിന്നതു ഉമ്മന്‍ചാണ്ടിയാണെന്നുറപ്പായ സ്ഥിതിക്ക് മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം. ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നേരത്തേ ഇടഞ്ഞ ജോര്‍ജ് അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ പ്രത്യേകം പാര്‍ട്ടി രൂപീകരിച്ചു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കി. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണു മുന്‍ തീരുമാനപ്രകാരം ജോര്‍ജ് ഇന്ന് രാജി പ്രഖ്യാപിച്ചത്.