തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണിയില്‍ പി.സി ജോര്‍ജ് പോകുന്ന ഒഴിവു നികത്താന്‍ എല്‍.ഡി.എഫില്‍ നിന്നും പി.സി തോമസ് മാണി ഗ്രൂപ്പിലേക്ക്. ആദര്‍ശം ഇരുമ്പുലക്കയല്ലെന്ന് തെളിയിച്ചാണ് വീണ്ടും കേരള കോണ്‍ഗ്രസിന്റെ കൂടുവിട്ട് കൂടുമാറ്റം.
ബാര്‍ കോഴ അഴിമതിയില്‍ കെ.എം മാണിയെയും മകന്‍ ജോസ് കെ.മാണിയെയും പ്രതികൂട്ടില്‍ നിര്‍ത്തിയാണ് പി.സി ജോര്‍ജ് പാര്‍ട്ടിയുമായി ഇടഞ്ഞത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയപ്പോള്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിനെതിരെ അരുവിക്കരയില്‍ അഴിമതിവിരുദ്ധ മുന്നണിയായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പി.സി തോമസിനെ എടുക്കാനുള്ള നീക്കം മാണി തുടങ്ങിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പി.സി തോമസ് ഇടതുമുണി വിട്ടു പുറത്തുവന്നു കഴിഞ്ഞു.
പലപാര്‍ട്ടികളിലും മുന്നണികളിലും തരംപേലെ ചേര്‍ന്നാണ് പി.സി തോമസ് നേട്ടം കൊയ്തതത്. 2004ല്‍ എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍ മാണിയുടെ മകന്‍ ജോസ് കെ.മാണിയെ 511 വോട്ടിനു പരാജയപ്പെടുത്തിയാണ് തോമസ് വാജ്‌പോയി മന്ത്രിസഭയില്‍ നിയമസഹമന്ത്രിയായത്. കേരളത്തില്‍ ഇടത്-വലതുമുണികളോട് ഇടഞ്ഞാണ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി തോമസ് എന്‍.ഡി.എ മുണിയില്‍ മത്സരിച്ച് കേന്ദ്രമന്ത്രിയായത്.
ബി.ജെ.പിക്ക് ഭരണം പോയപ്പോള്‍ വഴിയാധാരമായ തോമസ് ഇടത് മുണിയിലുള്ള പി.ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു ഇടത് മുന്നണിയുടെ ഭാഗമായി. ബി.ജെ.പി സര്‍ക്കാരിലെ മുന്‍ കേന്ദ്ര മന്ത്രിയായിരു തേമസിനെ സി.പി.എം ഇടത്പക്ഷ മുണി യോഗത്തിലും പ്രതിനിധിയായി പങ്കെടുപ്പിച്ചു. പി.ജെ ജോസഫ് കേരള കോഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച് ഇടതുമുണി വിട്ടപ്പോള്‍ പി.സി തോമസും സുരേന്ദ്രന്‍പിള്ളയും ലയനവിരുദ്ധ വിഭാഗമായി ഇടതുമുണിയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ പി.സി ജോര്‍ജ് മാണിയുമായി ഇടഞ്ഞ് പുകഞ്ഞ കൊള്ളിയായപ്പോഴാണ് പഴയ വിരോധവും വൈരഗ്യവും മറന്ന് പി.സി തോമസ് മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ ഇടതുമുണി വിട്ടത്.
യു.ഡി.എഫ് വിട്ട പി.സി ജോര്‍ജിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ചര്‍ച്ച നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിക്കുകയും ചെയ്തു.