പി.സി തോമസ് വിഭാഗം എല്‍ഡിഎഫ് വിടാനൊരുങ്ങുന്നു: തീരുമാനം ചൊവ്വാഴ്ച

കോട്ടയം: എല്‍ഡിഎഫ് വിടണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേരള കോണ്‍ഗ്രസ് ചൊവ്വാഴ്ച യോഗം ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ പി.സി.തോമസിനെ പങ്കെടുപ്പിക്കാതെ സ്‌കറിയ തോമസിനെയും വി. സുരേന്ദ്രന്‍ പിള്ളയെയും പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് മുന്നണി വിടാനുള്ള നീക്കത്തിലാണ് തോമസ് വിഭാഗം.

ചൊവ്വാഴ്ച രാവിലെ കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പി.സി.തോമസ് വിഭാഗത്തിലെ പ്രമുഖരായ ജോര്‍ജ് സെബാസ്റ്റിയന്‍, തോമസ് കുന്നപ്പള്ളി, അഡ്വ. സോണി തോമസ് എന്നിവരുള്‍പ്പെടെ പ്രമുഖര്‍ യോഗം ചേര്‍ന്നു അന്തിമ തീരുമാനത്തിലെത്തും.

എല്‍ഡിഎഫ് യോഗം ചേരുന്നതിനു മുമ്പ് പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തണമെന്നും തങ്ങളെ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പി.സി. തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കും കത്തു നല്‍കിയിരുന്നു.

എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്നു സമ്മതിക്കുകയും അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നു മാത്രമല്ല സ്‌കറിയ തോമസിനെയും പി. സുരേന്ദ്രന്‍പിള്ളയെയും യോഗത്തില്‍ ഇരുത്തുകയും പി.സി. തോമസ് വിഭാഗത്തെ ഒഴിവാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടാന്‍ തോമസ് വിഭാഗം ആലോചിക്കുന്നത്.

Top