നിലമ്പൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പഞ്ചായത്ത് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലെത്തി ആദിവാസി ബാലന്‍മാര്‍ മാലിന്യം ഭക്ഷിക്കുന്ന വാര്‍ത്തകേട്ട് കേരളം തലകുനിക്കുമ്പോള്‍ നിലമ്പൂരില്‍ നിന്ന് ദളിത്, ആദിവാസി കോളനികളിലെ കുട്ടികള്‍ക്ക് ഒമ്പത് വര്‍ഷമായി സൗജന്യ പ്രഭാതഭക്ഷണം വിളമ്പുന്ന നന്മയുടെ നല്ല വാര്‍ത്ത.
നിലമ്പൂരിലെ കോളനികളില്‍ ഇന്നലെ തെരഞ്ഞെടുപ്പ് ദിവസത്തിന്റെ തിരക്കിനിടയിലും രാവിലെ എട്ടിന് തന്നെ വാഹനത്തില്‍ പ്രഭാതഭക്ഷണമെത്തി. കോളനികളിലെ പഠനകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ഇഡ്ഡലിയും സാമ്പാറും ചായയവും വിളമ്പി. രോഗികള്‍ക്കും കോളനികളിലെ പ്രായം ചെന്നവര്‍ക്കും ഒരു പങ്ക് ഭക്ഷണം ലഭിച്ചു.
നിലമ്പൂര്‍ ഗ്രാമപഞ്ചായത്തായിരിക്കെ 2008ല്‍ ആരംഭിച്ച കോളനികളിലെ പ്രഭാതഭക്ഷണ വിതരണമാണ് ഒമ്പത് വര്‍ഷമായി ഇന്നും മുടങ്ങാതെ തുടരുന്നത്. ദലിത്, ആദിവാസി സമൂഹത്തെ അവരുടെ പാരമ്പര്യ, സാംസ്‌ക്കാരിക തനിമ നിലനിര്‍ത്തി സമൂഹത്തിന്റെ മുന്‍നിരക്കൊപ്പം കൈപിടിച്ച് ഉയര്‍ത്തുന്ന ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായാണ് 19 ദളിത്, ആദിവാസി കോളനികളിലും പ്രഭാതഭക്ഷണം വിളമ്പി തുടങ്ങിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദളിത്, ആദിവാസി കോളനികളിലെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് പലരും ദാരിദ്ര്യം കാരണം രാവിലെ ഭക്ഷണം കഴിക്കാതെയാണ് കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളിലെത്തുന്നത് എന്നറിഞ്ഞതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ഒട്ടിയവയറുമായി പഠിക്കാനാവാതെ പലരും പാതി വഴി പഠനം ഉപേക്ഷിച്ച് കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനും മറ്റ് ജോലികള്‍ക്കും പോവുകയായിരുന്നു. ഇതോടെ മുഴുവന്‍ ദളിത്, ആദിവാസി കോളനികളിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി, അവര്‍ക്ക് ട്യൂഷന്‍ നല്‍കാനും അവരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാനും ഓരോ ഫെസിലിറ്റേറ്റര്‍മാരെയും നിയോഗിച്ചു. നിലമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നഗരസഭയായി മാറിയപ്പോഴും ഈ പദ്ധതി തുടരുകയായിരുന്നുവെന്ന് ഷൗക്കത്ത് വ്യക്തമാക്കി.
ഇപ്പോള്‍ ജോലിയില്ലാത്ത കോളനികളിലെ സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗംകൂടി തുറന്ന് കമ്യൂണിറ്റി കിച്ചണ്‍ വഴിയാണ് പ്രഭാത ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. പയ്യംമ്പള്ളി, പാലേങ്ങര കോളനികള്‍ക്ക് സമീപം ഒരു വീട് വാടകക്കെടുത്ത് അവിടെവെച്ചാണ് ഭക്ഷണം പാകം ചെയ്യല്‍. അവിടെ നിന്നും വാഹനത്തില്‍ കോളനികളിലേക്ക്.
ഒരു ദിവസം പുട്ടം കടലയുമെങ്കില്‍ അടുത്ത ദിവസം ഇഡ്ഡലിയും സാമ്പാറും പിന്നെ അപ്പവും കറിയും അങ്ങിനെ കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കാത്ത തരത്തിലാണ് വ്യത്യസ്ഥമായ ഭക്ഷണങ്ങല്‍ വിളമ്പുന്നത്. 650തോളം കുട്ടികള്‍ക്കാണ് ഓരോ ദിവസവും ഭക്ഷണം നല്‍കുന്നത്. കുട്ടികള്‍ക്ക് പുറമെ കോളനികളിലെ രോഗികള്‍ക്കും പ്രായംചെന്നവര്‍ക്കുകൂടി ഭക്ഷണം നല്‍കാനുള്ള നല്ലമനസുകൂടി ഇവര്‍കാണിക്കുന്നുണ്ട്.
ഭക്ഷണം കഴിച്ച് പഠനകേന്ദ്രത്തിലെ ഫെസിലിറ്റേറ്ററുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് നഗരസഭ ഒരുക്കിയ വാഹനത്തിലാണ് ഇന്ന് കോളനികളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. അതിനാല്‍ നിലമ്പൂര്‍ നഗരസഭയില്‍ കോളനികളില്‍ നിന്നും ഒരു കുട്ടിപോലും പാതി വഴി പഠനം ഉപേക്ഷിക്കുന്നില്ല.
പാതി വഴി നിലച്ചുപോകുമായിരുന്ന പഠനം തുടര്‍ന്ന് മുക്കറശി ആദിവാസി കോളനിയിലെ സന്ധ്യ കോളനിയിലെ ആദ്യ ഡിഗ്രിക്കാരായാവാന്‍ നിലമ്പൂര്‍ അമല്‍ കോളേജില്‍ പഠിക്കുകയാണ്. പാലേങ്ങര പട്ടികജാതി കോളനിയില്‍ മുപ്പതിലേറെ കുട്ടികളെ പഠിപ്പിക്കുന്ന ജിനുമേള്‍ ഇതേ കോളനിയില്‍ ഒപ്പത്തിനൊപ്പം പദ്ധതിയിലൂടെ പഠിച്ചു വളര്‍ന്നതാണ്. പ്ലസ്ടുവും ടി.ടി.സിയും പാസായി മാങ്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പാര്‍ട് ടൈം അധ്യാപികകൂടിയാണിന്ന് ജിനുമോള്‍.
മാലിന്യത്തില്‍ നിന്നും ഭക്ഷണം ചികയേണ്ട പേരാവൂരിന്റെ ദൈന്യതയില്‍ നിന്നും പ്രഭാത ഭക്ഷണവും പ്രത്യേക പരിശീലനവും നല്‍കിയുള്ള പഠനനത്തിലൂടെ സ്വന്തംകാലില്‍ നില്‍ക്കാനുള്ള കരുത്തിലേക്ക് ദളിത്, ആദിവാസി സമൂഹത്തെ വളര്‍ത്തുന്ന നിലമ്പൂരിന്റെ നന്മ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്.