പ്രധാനമന്ത്രിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്ത്. അരുണാചല്‍ പ്രദേശ് തര്‍ക്ക പ്രദേശമാണെന്നും ഇത് ഇന്ത്യയുടെ ഭാഗമായി തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും, ഇത്തരം സന്ദര്‍ശനങ്ങള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവാനെ ഉപകരിക്കുകയുള്ളൂവെന്നും ചൈന വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിക്ക് ഒട്ടും ചേരുന്നതല്ല മോഡിയുടെ തര്‍ക്ക പ്രദേശത്തേക്കുള്ള സന്ദര്‍ശനമെന്ന് ചൈന വ്യവക്തമാക്കി. തര്‍ക്കപ്രദേശത്ത് ഇന്ത്യന്‍ നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക്
അംഗീകരിക്കാനാവില്ലെന്നും ചൈന അറിയിച്ചു.

അരുണാചല്‍ പ്രദേശിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ച നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്ന നിലപാടുകള്‍ ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു.

അരുണാചലിന്റെ 29-ആം സ്ഥാപക ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് മോഡി അരുണാചല്‍ പ്രദേശിലെത്തിയത്. അരുണാചലിലെ നഹര്‍ലഗുനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനും ഒരു പവര്‍ സ്‌റ്റേഷനും മോഡി അരുണാചലില്‍ ഉദ്ഘാടനം ചെയ്തിരുന്നു. തര്‍ക്ക പ്രദേശത്തെ കുറിച്ച് മൗനം പാലിച്ചെങ്കിലും അരുണാചലിന്റെ അടിസ്ഥാന വികസനത്തിന് വന്‍തുക നിക്ഷേപിക്കുമെന്ന് മോഡി പ്രഖ്യാപിച്ചിട്ടുണ്ട്.

Top