കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് ഡി.എം.ഒ അന്വേഷണ റിപ്പോര്‍ട്ട്. പ്രസവചിത്രം പകര്‍ത്തിയത് ആശുപത്രിയിലെ പ്രസവമുറിയില്‍ നിന്നു തന്നെയാണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കു സമര്‍പ്പിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും ഡി.എം.ഒ നിര്‍ദ്ദേശം നല്‍കി.
രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിനു പുറകെ ഡി.എം.ഒയും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഒരു പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. യുവതിയും ബന്ധുക്കളും അറിയാതെയാണ് ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ നേരില്‍ കണ്ട് പോലീസ് മൊഴി രേഖപ്പടുത്തിയിരുന്നു. പയ്യന്നൂര്‍ എസ്.ഐ. അനില്‍കുമാറിനാണ് അന്വേഷണ ചുമതല.