കാരക്കാസ്(വെനിസ്വേല): ഒരു മാങ്ങയേറില്‍ എല്ലാം മാറിമറിയുമെന്നു മാര്ലനി ഒലിവോ എന്ന 54കാരി വീട്ടമ്മ പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ ഇത്തവണ മാര്ലനി മാങ്ങയെറിഞ്ഞപ്പോള്‍ പ്രസിഡന്റ് വീണു, കിട്ടിയത് ഒരു ഫ്ളാറ്റും.
ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ബുധനാഴ്ച വെനിസ്വേലയുടെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അരാഗ്വയിലെത്തിയത്. നേരത്തെ ബസ് ഡ്രൈവറായിരുന്ന മഡൂറോ ജനക്കൂട്ടത്തിനിടയിലൂടെ ബസ് ഓടിച്ചു പ്രകടനം നടത്തുമ്പോഴാണ് ഒരു മാങ്ങ മൂളിപ്പറന്ന് ചെവിയില്‍ തട്ടിയത്. മാങ്ങയില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു ‘സാധിക്കുമെങ്കില്‍ എന്നെ വിളിക്കുക. എറിഞ്ഞയാളുടെ ഫോണ്‍ നമ്പരും മാങ്ങയില്‍ കുറിച്ചിട്ടുണ്ടായിരുന്നു. പരിഭ്രാന്തനാകാതെ മാങ്ങയെടുത്ത പ്രസിഡന്റ് അതു പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ടെലിവിഷന്‍ പരിപാടിക്കുശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ മഡൂറോ മാങ്ങയെറിഞ്ഞ മാര്ലനിയെ വിളിച്ചു. ഒരു കിടപ്പാടത്തിനായാണ് താന്‍ മാങ്ങ എറിഞ്ഞതെന്നും ദുരുദ്ദേശ്യപരമായി അതിലൊന്നുമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘ഗ്രേറ്റ് ഹൗസിംഗ് മിഷന് ഓഫ് വെനിസ്വേല’യില്‍ ഉള്‍പ്പെടുത്തി മാര്ലനിക്ക് ഫ്ളാറ്റ് നല്കാന് പ്രസിഡന്റ് കൈയോടെ ഉത്തരവു പുറപ്പെടുവിച്ചു.
മാര്ലനിയുടെ കിടപ്പാടത്തിനായുള്ള പോരാട്ടത്തിന്റെ കഥ പ്രസിഡന്റ് തന്നെയാണ് ടിവിയിലൂടെ വെളിപ്പെടുത്തിയത്. പാകമായ മാങ്ങയായിരുന്നു മാര്ലനി എറിഞ്ഞതെന്നും അതു താന്‍ തിന്നെന്നും മഡൂറോ വെളിപ്പെടുത്തി. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് പ്രസിഡന്റിനു നേരേയുള്ള മാങ്ങയെറിയല് വീഡിയോ.