ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം; ഇനി എന്തും പോസ്റ്റ് ചെയ്യാനാവില്ല

ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെയ്‌സ്ബുക്ക് നിലവിലുള്ള അതിന്റെ നയങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്ന് സ്ഥാപകന്‍ മാര്‍ക്ക് സുക്കെര്‍ബര്‍ഗ് പറഞ്ഞു. എങ്ങനെ മാന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാമെന്ന നിര്‍ദേശം മാത്രമാണു നല്‍കുന്നത്. ഏതൊക്കെ പോസ്റ്റുകള്‍ എന്തു കൊണ്ട് മാറ്റുന്നു എന്ന് ജനങ്ങളറിയണം എന്നതിനാണ് ഇതെന്നും സുക്കെര്‍ബര്‍ഗ് ബ്ലോഗില്‍ കുറിച്ചു.

തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതും ഒരാളെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമായ പോസ്റ്റുകള്‍ക്കാണ് 1.39 ബില്യണ്‍ യൂസര്‍മാരുള്ള ഫെയ്‌സ്ബുക്ക് വിലങ്ങിടുന്നത്. നിരോധിത സംഘടനകളെയും തീവ്രവാദ ഗ്രൂപ്പുകളെയും പിന്തുണയ്ക്കുന്നതും അവയുടെ നേതാക്കളെ പ്രശംസിക്കുന്നതുമായ പോസ്റ്റുകള്‍ ഇനി ഫെയ്‌സ്ബുക്ക് നീക്കം ചെയ്യും. ഇത്തരം സംഘടനകളുടെ പട്ടികയും ഫെയ്‌സ്ബുക്ക് തയാറാക്കിയിട്ടുണ്ട്.

റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന തരം ഫോട്ടോ ഷെയറിങ്ങും ഇനി ഫെയ്‌സ്ബുക്ക് അനുവദിക്കില്ല. ഒരാളോട് പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ടോ, ഒരാളുടെ അനുവാദമില്ലാതെയോ അയാളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുന്നതും ഇനി തടയും. അതേസമയം മുലയൂട്ടുന്ന സ്ത്രീകളുടെയും ശസ്ത്രക്രിയ നടത്തി ദേഹത്ത് അവശേഷിച്ച മുറിവുകളുടെയും നഗ്‌നത ഉള്‍പ്പെട്ട പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍ എന്നിവയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ല. ഇത്തരം ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് ട്വിറ്ററും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹോളിവുഡ് നടിമാരുടെ ഹാക്ക് ചെയ്യപ്പെട്ട നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ട സമൂഹമാധ്യമമായ റെഡിറ്റും ഇക്കാര്യം ഇനി അനുവദിക്കില്ലെന്ന നയം വ്യക്തമാക്കിക്കഴിഞ്ഞു.

Top