ഫെയ്‌സ്ബുക്ക് സ്വകാര്യതാ നയങ്ങള്‍ പരിഷ്‌കരിക്കുന്നു. ശരാശരി ഉപയോക്താവിന് നിലവിലെ നയങ്ങള്‍ക്ക് എതിരെ തുടര്‍ച്ചയായി വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ചുവടുമാറ്റം. വിവിധ ഉപവിഭാഗങ്ങളില്‍ ലളിതമായ ചോദ്യോത്തരങ്ങളായാണ് പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെക്കുറിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഈ മാസം 20 വരെ സമയം നല്‍കിയിട്ടുണ്ട്. ഇവ കൂടി പരിഗണിച്ച ശേഷമായിരിക്കും പുതിയ പ്രൈവസി നയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്.
ഉപയോക്താവിനെ സംബന്ധിച്ച് എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും ഈ വിവരങ്ങള്‍ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നതെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഫെയ്‌സ്ബുക്കിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള പുതിയൊരു ടൂളും അവതരിപ്പിക്കുന്നുണ്ട്. അനുകൂലമാണ് ഉപയോക്താവിന്റെ തീരുമാനമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങളും ഫെയ്‌സ്ബുക്ക് ശേഖരിക്കും.