ഫോക്‌സ്‌കോണ്‍ മഹാരാഷ്ട്രയില്‍ 500 കോടി ഡോളര്‍ നിക്ഷേപം നടത്തും

മുംബൈ: ഇലക്ട്രോണിക്‌സ് സാമഗ്രികളുടെ പ്രമുഖ കരാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ മഹാരാഷ്ട്രയില്‍ 500 കോടി ഡോളര്‍ (ഏകദേശം 31,500 കോടി രൂപ) നിക്ഷേപം നടത്തും. മഹാരാഷ്ട്ര സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.

തായ്‌വാന്‍ ആസ്ഥാനമായുള്ള കമ്പനിക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ 1,500 ഏക്കര്‍ ഭൂമി അനുവദിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 50,000 പേര്‍ക്കു നേരിട്ടു ജോലി ലഭിക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കമ്പനിയുടെ നിര്‍മാണ, ഗവേഷണ യൂണിറ്റുകള്‍ പ്ലാന്റില്‍ ഉണ്ടാകുമെന്നു ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ ടെറി ഗൗ മുംബൈയില്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിലാകും 500 കോടി ഡോളര്‍ മുതല്‍മുടക്കുക.

ആപ്പിള്‍, ബ്ലാക്ക്‌ബെറി, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ ഉല്‍പന്ന നിര്‍മാണത്തില്‍ പങ്കാളികളാണു ഫോക്‌സ്‌കോണ്‍. മുംബൈയ്ക്കു സമീപമോ പുണെയിലോ ആകും ഫോക്‌സ്‌കോണ്‍ ടെക്‌നോളജി മുഖ്യകേന്ദ്രം ആരംഭിക്കുക. രണ്ടോ മൂന്നോ സ്ഥലങ്ങളിലായിട്ടാകും കമ്പനിയുടെ പ്ലാന്റുകളെന്ന് മഹാരാഷ്ട വ്യവസായവകുപ്പ് സൂചിപ്പിച്ചു.

രാജ്യത്ത് ഒറ്റ പ്രഖ്യാപനത്തോടെ നടപ്പാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള വിദേശനിക്ഷേപ പദ്ധതിയാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപവും ഇതുതന്നെ.

Top