ഫോര്‍ഡ് ഫിഗോ ആസ്പയര്‍ ജൂണില്‍ വിപണിയിലേക്ക്

ഫോര്‍ഡ് അണിയിച്ചൊരുക്കുന്ന ചെറു സെഡാന്‍ ഫിഗോ ആസ്പയര്‍ ജൂണില്‍ വിപണിയിലെത്തും. സുരക്ഷാ സന്നാഹങ്ങള്‍ക്ക് ഏറെ മുന്‍ൂക്കം നല്‍കിയാണ് ഫോര്‍ഡ് ഈ നാലുമീറ്ററില്‍ താഴെ നീളമുള്ള ചെറു സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലുള്ള മറ്റ് കാറുകളിലൊന്നും കാണാനാവാത്ത ക്യാബിനുള്ളില്‍ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയാണ് ആസ്പയര്‍ എത്തുന്നത്.

ഡ്രൈവര്‍ എയര്‍ബാഗ്, പാസഞ്ചര്‍ എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സൈഡ് ഇംപാക്ട് എയര്‍ബാഗുകള്‍ എന്നിവയാണ് ആസ്പയറിനുള്ളില്‍ ഘടിപ്പിക്കുക. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും കാറിനുണ്ട്. സെഡാന്‍ കാറുകളിലെ പുത്തന്‍ പരീക്ഷണമായ ഹില്‍ ലോഞ്ച് അസിസ്റ്റാണ് ഫിഗോ ആസ്പയറിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ചരിവുകളില്‍ വാഹനം മുന്നിലേക്കോ പിന്നിലേക്കോ നിരങ്ങിപ്പോകുന്നത് തടയാനാണ് ഇത് ഉപയോഗിക്കുന്നത്.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റേതിനു സമാനമായ ഫ്രണ്ട് ഗ്രില്‍ ആസ്പയറിന് കരുത്തന്‍ ലുക്കും നല്‍കുന്നുണ്ട്. ഇരുവശങ്ങളിലേക്കും പടര്‍ന്നുനില്‍ക്കുന്ന ഹെഡ് ലാമ്പാണ് വാഹനത്തിന്റെ മറ്റൊരു ആകര്‍ഷണം. വാഹനത്തിന്റെ ഇന്റീരിയര്‍ ഇക്കോ സ്‌പോര്‍ട്ടിന്റേതിനു സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ദീര്‍ഘദൂര യാത്രയ്ക്ക് സഹായകരമാംവിധമുള്ള സീറ്റുകളാണ് ആസ്പയറിനുള്ളത്. പിന്‍സീറ്റില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാനാകുംവിധം ഹാന്‍ഡ്‌റെസ്റ്റും നല്‍കിയിരിക്കുന്നു.

1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ആസ്പയര്‍ ലഭ്യമാകും. ഫോര്‍ഡ് ഫിഗോയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ 1.2 ലിറ്റര്‍ എന്‍ജിനാണ് ആസ്പയറിനുള്ളത്. ലിറ്ററിന് 15.6 കിലോമീറ്ററിനു മുകളില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ഇക്കോ സ്‌പോര്‍ട്ടിലെ 1.5 ലീറ്റര്‍ എന്‍ജിന്‍ ട്യൂണ്‍ചെയ്താണ് ഡീസല്‍ ആസ്പയറിന് ഉപയോഗിക്കുന്നത്.

ലിറ്ററിന് 25 കിലോമീറ്ററാണ് ഡീസല്‍ ആസ്പയറിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള 1.5 ലീറ്റര്‍ പെട്രോള്‍ മോഡലിന് ടോപ് എന്‍ഡ് വകഭേദം മാത്രമാണ് ഉണ്ടാകുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും ആസ്പയര്‍ ലഭിക്കും. ഡല്‍ഹി എക്‌സ്‌ഷോറൂം നിരക്കുപ്രകാരം അഞ്ചുലക്ഷം രൂപമുതല്‍ എട്ടു ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.

Top