ഫ്ളിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ളാഷ് സെയിലില്‍ കച്ചവടം തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തീര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ലെനൊവോ കെ3 നോട്ട്.
പതിനായിരം രൂപയ്ക്ക് ഫുള്‍ എച്ച്.ഡി.ഡിസ്പ്ലേയുള്ള 5.5 ഇഞ്ച് സ്ക്രീനോടു കൂടിയ ഫോണ്‍ ലഭിക്കുന്നു എന്നതാണ് ലെനോവോ കെ3 യുടെ ഏറ്റവും വലിയ ആകര്‍ഷണം. പതിനായിരത്തില്‍ നിന്ന് ഒരു രൂപ കുറച്ച് 9,999 രൂപയ്ക്കാണ് ലെനോവോ ഈ ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ വില്ക്കാന് വെച്ചിരിക്കുന്നത്.
1920X1080 പിക്സല്‍സ് റിസൊല്യൂഷനുള്ള അഞ്ചരയിഞ്ച് ഫുള്‍ ഹൈഡെഫനിഷന്‍ സ്ക്രീനാണ് ഫോണിലുളളത്. പിക്സല്‍ സാന്ദ്രത 401 പി.പി.ഐ.
1.7 ഗിഗാഹെര്‍ട്സ് ശേഷിയുള്ള മീഡിയാടെക്കിന്റെ ഒക്ടാകോര്‍ പ്രൊസസര്‍ ഫോണിന് കരുത്തുപകരുന്നു. മാലി ടി760 ജി.പി.യു., രണ്ട് ജി.ബി.റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണിതിന്റെ ഹാര്ഡ്വേര് സ്പെസിഫിക്കേഷനുകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുള്ളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഇടാനുള്ള സ്ലോട്ടുമുണ്ട്.
ഡ്യുവല്‍ എല്‍.ഇ.ഡി.ഫ്ളാഷോടുകൂടിയ 13 മെഗാപിക്സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ3 നോട്ടില്‍ ലെനോവോയുടെ സ്വന്തം വൈബ് യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. ഹൈഎന്‍ഡ് സ്മാര്‍ട്ഫോണുകളില്‍ മാത്രം കാണുന്ന ജെസ്റ്റര്‍ കണ്ട്രോള് സംവിധാനവും ഫോണിലുണ്ട്.
കണക്ടിവിറ്റിക്കായി 4ജി, 3ജി, വൈഫൈ, ബ്ലുടൂത്ത്, ജി.പി.എസ്./എ.ജി.പി.എസ്. സംവിധാനങ്ങളാണ് കെ3 നോട്ടിലുള്ളത്. വലിയ സ്ക്രീനായതിനാലാവാം 3000 എം.എ.എച്ചിന്റെ വലിയ ബാറ്ററി തന്നെ ലെനോവോ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തുടര്‍ച്ചയായ 39 മണിക്കൂര്‍ സംസാരസമയവും 11 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
മെയ്സു എം 1 നോട്ട് (വില 12,000 രൂപ), റെഡ്മി നോട്ട് (വില 8,000 രൂപ) എന്നീ ഫോണുകളോടാവും ലെനോവോ കെ 3 നോട്ടിന് മത്സരിക്കേണ്ടി വരിക.
നേരത്തെ പതിനായിരം രൂപയ്ക്ക് വിറ്റിരുന്ന ഷവോമിയുടെ റെഡ്മി നോട്ട് ആഴ്ചകള്‍ക്ക് മുമ്പാണ് വില കുറച്ച് എണ്ണായിരമാക്കിയത്. ലെനോവോ നോട്ടിന്റെ വരവ് മുന്‍കൂട്ടി കണ്ടാണ് ഷവോമി ആ നീക്കം നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.