മുംബൈ: കടബാധ്യതയാല്‍ മുങ്ങുന്ന എയര്‍ ഇന്ത്യ ബാധ്യത തീര്‍ക്കാന്‍ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. ബാധ്യത 40,000 കോടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.
വിമാനങ്ങള്‍ വാങ്ങാന്‍ കടമെടുത്ത ഇനത്തില്‍ പലിശയായി മാത്രം 3,600 കോടിയാണ് എയര്‍ ഇന്ത്യ അടയ്ക്കാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 36,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.
നഷ്ടം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വന്‍തോതില്‍ ഇന്ധനം സംഭരിക്കാനും പദ്ധതിയുണ്ട്. രാജ്യാന്തര എണ്ണവിലയില്‍ കുറവുവന്ന സാഹചര്യത്തിലാണ് നീക്കം. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും പദ്ധതിയുണ്ട്. ഒരു വിമാനത്തിന് 218 ജീവനക്കാരെന്ന അനുപാതം 100 ജീവനക്കാരെന്ന നിലയില്‍ കുറയ്ക്കാനാണ് നീക്കം. ആഭ്യന്തര സര്‍വീസുകള്‍ നടത്താനായി ഫ്രഞ്ച് നിര്‍മിത ടര്‍ബോ പ്രൊപ്പല്ലര്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും ആലോചനയുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്നിരിക്കേ തന്നെ എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സുമായി 2007ല്‍ ലയിച്ചതിനു ശേഷം എയര്‍ ഇന്ത്യ ലാഭത്തിലായിട്ടില്ല. 108 വിമാനങ്ങളും 23,500 ജീവനക്കാരുമാണ് ഇപ്പോള്‍ കമ്പനിയുടെ ഭാഗമായുള്ളത്.