കെ.എം മാണിക്ക് രക്ഷയായി ഫോറന്‍സിക് റിപ്പോര്‍ട്ട്;ബിജു രമേശ് കുടുങ്ങും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഹാജരാക്കിയ പ്രധാന തെളിവായ ടെലിഫോണ്‍ സംഭാഷണങ്ങളിലെ പൊരുത്തക്കേടുകള്‍ ധനമന്ത്രി കെ.എം മാണിക്ക് രക്ഷയാകുന്നു. അതേസമയം കൃത്രിമ തെളിവുകളുണ്ടാക്കിയതിന് പരാതിക്കാരനായ ബിജു രമേശിനെതിരെ കേസ് തിരിഞ്ഞുകുത്തുകയാണ്.

മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്നും ഈ കേസ് ഇല്ലാതാക്കാന്‍ ചിലര്‍ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാര്‍ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട്.

ബിജു മൊഴിയില്‍ പറഞ്ഞ കാലയളവിലെ (2014 ഡിസംബര്‍) സംഭാഷണങ്ങളൊന്നും ഫോണിലില്ല. 2014 ല്‍ വിപണിയിലെത്തിയ ഫോണ്‍സെറ്റാണു ബിജു കോടതിയില്‍ ഹാജരാക്കിയതെങ്കിലും അതിനു മുമ്പുള്ള സംഭാഷണങ്ങളും അതിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തെളിവു നിയമം 65 (ബി) പ്രകാരം ഇലക്ട്രോണിക് രേഖകള്‍ കോടതി തെളിവായി സ്വീകരിക്കും. എന്നാല്‍ ഇവിടെ വ്യാജമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അങ്ങനെ അന്വേഷണസംഘം കോടതിയില്‍ പറഞ്ഞാല്‍, ബിജുവിനെതിരെ ക്രിമിനല്‍ കേസുണ്ടാകും.

മന്ത്രി കെ.എം. മാണിയടക്കം മൂന്നു മന്ത്രിമാര്‍ക്കു കോഴ നല്‍കിയെന്നും അതിന്റെ തെളിവു മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ബിജു രമേശ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്ണു മുന്‍പാകെ സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു. അതു റിക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഹാന്‍ഡ് സെറ്റും ശബ്ദം അടങ്ങിയ സിഡിയും കോടതിയില്‍ ഹാജരാക്കി. നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കോടതിയില്‍ നല്‍കുമെന്നു പറഞ്ഞാണു ബിജു ഇതു കോടതിക്കു കൈമാറിയത്.

അസോസിയേഷന്‍ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ കെ.എം. മാണിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു ജോസ് കെ. മാണി ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍ വിളിച്ചെന്നും മറ്റുമുള്ള സംഭാഷണമായിരുന്നു സിഡിയില്‍. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണവും ഇതിലുണ്ടെന്നു ബിജു പറഞ്ഞിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഇതു പരിശോധിച്ച ഫോറന്‍സിക് ലാബ് അധികൃതര്‍ കഴിഞ്ഞ 19ന് കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. 20ന് അത് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനു ലഭിച്ചു.

റിപ്പോര്‍ട്ടില്‍ പറയുന്നത്: ജിയോണി മേക്ക് 2 (ഐഎംഇഐ 865346020648078) എന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റും ഒരു സിഡിയുമാണു ബിജു കോടതിയില്‍ ഹാജരാക്കിയത്. 2014 ലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. അതിനു മുന്‍പുള്ള സംഭാഷണവും ഇതിലുണ്ട്. നാലു ഘട്ടങ്ങളിലെ സംഭാഷണമാണ് ഇതിലാകെയുള്ളത്. മറ്റു നമ്പരുകളോ, എസ്എംഎസ് സന്ദേശങ്ങളോ, ചിത്രങ്ങളോ ഒന്നും ഫോണില്‍ ഇല്ല.

2010 ജനുവരി മൂന്നിന് റിക്കോര്‍ഡ് ചെയ്ത രണ്ടു മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, അന്നേ ദിവസത്തെ തന്നെ 1.1 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, 2010 ഫെബ്രുവരി 27 നുള്ള മൂന്നു മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, 2015 മാര്‍ച്ച് 10 നുള്ള മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണം എന്നിവയാണു കാണപ്പെട്ടത്. ഇതു ഫോണിലെ മെമ്മറി കാര്‍ഡിലാണോ റിക്കോര്‍ഡ് ചെയ്തതെന്നു വ്യക്തമല്ല. മാത്രമല്ല ഹാജരാക്കിയ സിഡിയിലെ ഒന്നിലധികം ഫയലുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതു ബിജു നല്‍കിയ രഹസ്യമൊഴിക്കു വിരുദ്ധമാണെന്നു വിജിലന്‍സ് ഉന്നതര്‍ ചൂണ്ടിക്കാട്ടി. 2014 ഡിസംബറിലെ ബാര്‍ അസോസിയേഷന്‍ കോര്‍ കമ്മിറ്റിയുടെയും അതിനു മൂന്നു മാസം മുന്‍പു ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിന്റെയും ശബ്ദരേഖ റിക്കോര്‍ഡ് ചെയ്ത യൂണിറ്റാണു ഹാജരാക്കിയതെന്നു ബിജു കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാന്‍ഡ് സെറ്റില്‍ 2014 ലെ ഒരു ശബ്ദരേഖയും ഇല്ല. മറിച്ചു 2010 ലെ മൂന്നു ഘട്ടങ്ങളിലെ ശബ്ദരേഖയുണ്ട്. അഥവാ, അന്നു മറ്റേതെങ്കിലും ഫോണില്‍ റിക്കോര്‍ഡ് ചെയ്തതാണെങ്കില്‍ അതിന്റെ പകര്‍പ്പാണു നല്‍കുന്നതെന്നു വ്യക്തമാക്കി സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ ബിജു രമേശ് അതു ചെയ്തിട്ടില്ല.

Top