തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ചിരിക്കുന്ന ശബ്ദരേഖ തെളിവായി സ്വീകരിക്കാമോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടാനൊരുങ്ങുന്നു. ബാര്‍ കോഴ കേസില്‍ പരാതിക്കാരനായ ബിജു രമേശ് ഒഴികെ മറ്റാരും കെ.എം മാണി പണം വാങ്ങിയെന്ന മൊഴി നല്‍കിയിട്ടില്ലെന്നാണു സൂചന.
തെളിവായി ബിജു രമേശ് നല്‍കിയിരിക്കുന്ന ശബ്ദരേഖ നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കുമോ എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടാനൊരുങ്ങുന്നത്.
ശബ്ദരേഖ മുമ്പ് എഡിറ്റ് ചെയ്യപ്പെട്ടതാണെന്നതും വിജിലന്‍സിനു തലവേദനയാകുന്നുണ്ട്. കെ. എം. മാണിക്കു പണം നല്‍കിയതായി ബാറുടമകളുടെ യോഗത്തില്‍ വിവിധ ബാറുടമകള്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിനു കൈമാറിയിരിക്കുന്നത്. എന്നാല്‍ ബറുടമകളില് പലരും ഇതു വിജിലന്‍സിനു മുമ്പില്‍ നിഷേധിച്ചിട്ടുണ്ട്. ബിജു രമേശ് നല്കിയ രഹസ്യമൊഴി പ്രകാരം നടപടികളുമായി മുന്നോട്ടു പോകാനാണു വിജിലന്‍സിന്റെ നീക്കം.