തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്ത്. ബാബുവിന്റെ കൈയിലുള്ളതു ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണെന്നും ബിജു ആരോപിച്ചു.
ഡയറി ഫാമും ഏക്കര്‍ കണക്കിനു തോട്ടവും മരുമക്കളുടെ പേരില്‍ ബാബു വാങ്ങിക്കൂട്ടി. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകള്‍ വൈകാതെ പുറത്ത് വരുമെന്നും ബിജു പറഞ്ഞു
മന്ത്രിമാര്‍ക്കു പുറമെ യുഡിഎഫ് എംഎല്‍എമാര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും ബിജു വ്യക്തമാക്കി. എക്സൈസ് മന്ത്രി കെ. ബാബുവിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. എംഎല്‍എമാര്‍ക്ക് പണം കൊടുത്തതിന്റെ കണക്കുകള്‍ തന്റെ പക്കലുണ്ടെന്നും രമേശ് പറഞ്ഞു.
പലര്‍ക്കും പണം നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണു പിരിച്ചെടുത്തത്. മന്ത്രിമാരില്‍ കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്. ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.