മുംബൈ: ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് കൊണ്ടുന്നേക്കില്ല. അഗ്‌നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചതാണ് കാരണം.
ലമ്പോക്കിലെ മൗണ്ട് ബറുജാരിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ബാലി, ലൊമ്പോക്ക് , വിമാനത്താവളങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ ഇന്‍ഡൊനീഷ്യന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് ചാരവും പുകയും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ തീരുമാനമായത്.
വിമാനത്താവളങ്ങള്‍ അടച്ചത് ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇതിനായി ബാലിയിലെത്തിയ ഇന്ത്യന്‍ പോലീസ് സംഘം പോലീസ് ആവശ്യമായ രേഖകള്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ഈ രേഖകള്‍ സര്‍ക്കാര്‍ അംഗീകരിക്കകുയും ചെയ്തിരുന്നു.
ഛോട്ടാ രാജനെ ആദ്യം ഡല്‍ഹിയിലെത്തിച്ച് പിന്നീട് മുംബൈയിലേക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ പദ്ധതി.