ബിജെപിയോട് എതിര്‍പ്പില്ല; കേരളത്തില്‍ മൂന്നാം മുന്നണിയുണ്ടാകണമെന്ന് ആഗ്രഹം: വിഎസ്ഡിപി

തിരുവനന്തപുരം: ബിജെപിയുമായി സംഘടനയ്ക്ക് പഴയമട്ടിലുള്ള എതിര്‍പ്പില്ലെന്ന് വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. നേതാക്കളുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്നും സമുദായത്തിന്റെ ചില ആവശ്യങ്ങള്‍ പാര്‍ട്ടി നേതാക്കളെ ധരിപ്പിക്കുകയാണുണ്ടായതെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

പത്ത് വര്‍ഷമായി ബി.ജെ.പി.യോട് നാടാര്‍ സമുദായം എതിര്‍പ്പ് വച്ചു പുലര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസിനോടായിരുന്നു സമുദായത്തിനും സംഘടനയ്ക്കും അടുപ്പം. എന്നാല്‍, കോണ്‍ഗ്രസ് സമുദായത്തെ വഞ്ചിക്കുകയാണ് ഉണ്ടായത്.

ചില ആവശ്യങ്ങള്‍ ഉന്നയിച്ച് സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെല്ലാം നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതുപോലുള്ള ചെറിയ ചില ആവശ്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലും വച്ചത്. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളത്തില്‍ മൂന്നാംചേരിയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങോട്ട് സഹായിച്ചാല്‍ തിരിച്ചും സഹായിക്കുന്നവരാണ് നാടാര്‍ സമുദായം. ഒരിക്കലും വിശ്വാസവഞ്ചന കാട്ടില്ല. കോണ്‍ഗ്രസും സി.പി.എമ്മും നാടാര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താറുണ്ടെങ്കിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ നാടാര്‍ സമുദായാംഗങ്ങളെ പരിഗണിക്കാറുണ്ടായിരുന്നില്ല. ഇത് മാറുമെന്നാണ് വിശ്വാസം. വി.എസ്.ഡി.പി. ഒരു പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സംഘടനയുടെ അംഗങ്ങള്‍ക്ക് മത്സരിക്കാം ഭാരവാഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ അനുമതി വാങ്ങണം ചന്ദ്രശേഖരന്‍ പറഞ്ഞു.

നാടാര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു.

Top