ന്യുഡല്‍ഹി: ബീഫ് നിരോധത്തിനെതിരെ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. ഗോവയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായതിനാല്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് പര്‍സേകര്‍ പറഞ്ഞു. ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
വളരെ വര്‍ഷങ്ങള്‍ കൊണ്ടാണ് സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത്. പശുക്കളെ കശാപ്പു ചെയ്യുന്നതില്‍ ഹിന്ദുക്കള്‍ക്കുള്ള വൈകാരികത താന്‍ മനസ്സിലാക്കുന്നുണ്ടെന്നും മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ പര്‍സേകര്‍ പറയുന്നു.
ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പര്‍സേകര്‍ നിലപാട് വ്യക്തമാക്കുന്നത്. പശുക്കളെ കശാപ്പു ചെയ്യുന്നതിനെതിരെയാണ് ഹൈന്ദവ വികാരമുയരുന്നത്.
കാളകളെയും പോത്തുകളെയും വധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ പശുക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുമില്ല. നിലവില്‍ ഗോവയില്‍ കാളകളെയും പോത്തുകളെയുമാണ് കശാപ്പ് ചെയ്യുന്നത്. ക്രിസ്ത്യന്‍, മുസ്ലീം വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതിനാല്‍ നിലവില്‍ കര്‍ണാടകയില്‍ നിന്നാണ് ബീഫ് ഗോവയില്‍ എത്തുന്നത്. അത് നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പര്‍സേകര്‍ പറഞ്ഞു.