ബീഫ് ഫെസ്റ്റ് ക്രമസമാധാന പ്രശ്‌നമായാല്‍ ഇടപെടും;ദീപ ടീച്ചര്‍ക്ക്‌ ചെന്നിത്തലയുടെ പിന്‍തുണ

തിരുവനന്തപുരം: ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്‍തുണ. ബീഫ് ഫെസ്റ്റ് ക്രമസമാധാന പ്രശ്‌നമായാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപികയ്‌ക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്.അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അധ്യാപികയെ ക്രൂശിക്കുന്നതു ശരിയല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

എന്നാല്‍, സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്‌കരന്‍ നായര്‍ പറഞ്ഞതെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ദിവസക്കൂലി വര്‍ധനവ് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന വഴിതടയല്‍ സമരം അവസാനിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റോഡ് ഉപരോധത്തില്‍ നിന്നും സമരക്കാര്‍ പിന്മാറിയില്ലെങ്കില്‍ പൊലീസ് ഇടപെടുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചത്തെ ചര്‍ച്ചക്ക് കാത്തു നില്‍ക്കാതെ സമരം തുടരുന്നത് ശരിയല്ല.

Top