ന്യൂഡല്‍ഹി: സ്കൂളില്‍ ഉച്ചഭക്ഷണം വച്ച പാത്രത്തില്‍ തൊട്ടതിന് ദളിത് ബാലന് അധ്യാപകന്റെ മര്‍ദ്ദനം. രാജസ്ഥാനിലെ ജോധ്പുരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.
ജോധ്പുരിനടുത്തുള്ള ഓഷ്യന്‍ ടെഹസിലുള്ള സ്കൂളില്‍ നാലാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിക്കാണ് അധ്യാപകനായ ഹേമറാം ചൗധരിയില്‍ നിന്നു മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ദിനേശ് മേഘ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദളിതര്‍ക്ക് വേറെ പാത്രങ്ങളും കഴിക്കാനുള്ള നിരയുമുണ്ടെന്നും അതല്ലാത്തവരുടെ ഇടയില്‍ കയറിയെന്നും മറ്റുള്ളവരുടെ ഭക്ഷണ പാത്രത്തില്‍ തൊട്ടെന്നും പറഞ്ഞാണ് അധ്യാപകന് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ഥിയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ചു ചോദിക്കാനെത്തിയ പിതാവ് മാനാറാം മേഘ്വാളിനെ സ്കൂളില്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദളിത്- പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്നു കാണിച്ച് അധ്യാപകനായ ഹേമറാം ചൗധരി മാനാറാമിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച 90 വയസുള്ള ദളിത് വൃദ്ധനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്നതിനു പിന്നാലെയാണു രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം വെളിപ്പെട്ടിരിക്കുന്നത്.