മതനിരപേക്ഷ എന്ന വാക്ക്‌ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണം: ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതനിരപേക്ഷ, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ എടുത്ത് കളയണമെന്ന് ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്താണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ പരസ്യത്തില്‍ ഈ രണ്ട് വാക്കുകള്‍ വിട്ടു പോയതിനെ തുടര്‍ന്നുണ്ടായ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ശിവസേന പുതിയ ആവശ്യവുമായി രംഗത്ത് വന്നത്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ്. മറ്റു മതസ്ഥര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെങ്കിലും ഹൈന്ദവര്‍ക്കായിരിക്കണം ആധിപത്യം. ഇന്ത്യ ഹിന്ദുക്കള്‍ക്കായും പാക്കിസ്ഥാന്‍ മുസ്ലിംകള്‍ക്കായും സൃഷ്ടിച്ച രാജ്യമാണെന്നും കാലം ആവശ്യപ്പെടുന്നത് കൊണ്ടാണ് ഇത്തരമൊരു തെറ്റ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും റൗത്ത് പറഞ്ഞു.

അതിനിടെ, പരസ്യത്തില്‍ മതനിരപേക്ഷതയും സ്ഥിതി സമത്വവും അപ്രത്യക്ഷമായതിന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. 1976ല്‍ പാസാക്കിയ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഭരണഘടനയുടെ പുതിയ പതിപ്പ് ലഭ്യമല്ലാതിരുന്നതിനാല്‍ പഴയതിന്റെ ചിത്രം ഉപയോഗിച്ചതിനാലാണ് ഇത്തരമൊരു തെറ്റ് വന്നതെന്നാണ് കേന്ദ്ര മന്ത്രി രാജ് വര്‍ധന്‍ റാത്തോഡിന്റെ വിശദീകരണം.

Top