നിലമ്പൂര്‍: മദ്യലഹരിയില്‍ ആരോഗ്യ സര്‍വെ സംഘത്തെ തെറിവിളിച്ച വിജിലന്‍സ് സി.ഐയും സംഘവും കെഎസ്ആര്‍ടിസി ജീവനക്കാരനെയും ആക്രമിച്ച് അഴിഞ്ഞാടി. നാട്ടുകാരുടെ മുന്നില്‍വച്ച് കസ്റ്റഡിയിലെടുത്ത സി.ഐയെ കേസെടുക്കാതെ വിട്ടയച്ച് പൊലീസിന്റെ ഒത്തുകളി. നിലമ്പൂര്‍ സ്വദേശിയായ വിജിലന്‍സ് സി.ഐയാണ് റിപ്പബ്ലിക് ദിവസം കൂട്ടുകാരോടൊപ്പം മദ്യപിച്ച് അഴിഞ്ഞാടിയത്.
മദ്യലഹരിയിലുരുന്ന സി.ഐയും സംഘവും നിലമ്പൂര്‍ നഗരസഭയുടെ സൗഖ്യം ആരോഗ്യ സര്‍വേക്കെത്തിയ മെഡിക്കല്‍ സംഘത്തോടാണ് ആദ്യം കലി തീര്‍ത്തത്. ആരോഗ്യപരിശോധനയ്ക്ക് ശേഷം സര്‍വേയുടെ ഭാഗമായി വിദ്യാഭ്യാസ യോഗ്യത ചോദിച്ചപ്പോഴാണ് സി.ഐയുടെ മട്ടുമാറിയത്. ഞാന്‍ സി.ഐയാണ് എന്റെ വിദ്യാഭ്യാസ യോഗ്യത ചോദിക്കാന്‍ നിങ്ങളാരാണ് എന്ന് ചോദിച്ച് കേട്ടാലറയ്ക്കുന്ന തെറിവിളിയായിരുന്നു. അസഭ്യം കേട്ട് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥി പേടിച്ച് കരഞ്ഞു.
പിന്നീട് സി.ഐയും സംഘവും രാത്രി കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് അഴിഞ്ഞാടിയത്. ബംഗലൂരുവില്‍ നിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് സ്റ്റാന്റിനു പുറത്തുവെച്ച് കൈകാട്ടിയപ്പോള്‍ ബസ് നിര്‍ത്താതെ പോയി. ഇതോടെ സി.ഐയും സംഘവും ഡിപ്പോയിലെത്തി ജീവനക്കാരെ തെറിവിളി തുടങ്ങി. ഇതു തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മഞ്ചേരി ചാലിക്കല്‍ സ്വദേശി കെ.എം സുരേഷ്‌കുമാറിനെ തലയ്ക്കടിക്കുകയും കല്ലുകൊണ്ട് മുഖത്തുകുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ തിരിഞ്ഞു.
ഇതിനിടെ വിവരമറിഞ്ഞെത്തിയ പൊലീസ് സി.ഐയെയും ആറംഗ സംഘത്തെയും കൈയോടെ പിടികൂടി പൊലീസ് ജീപ്പില്‍ സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ സ്റ്റേഷനിലെത്തിയതോടെ സി.ഐയെയും ബന്ധുവിനെയും ഒഴിവാക്കി നാലുപേര്‍ക്കെതിരെ മാത്രം നിസാരവകുപ്പ് ചാര്‍ത്തി കേസെടുക്കുകയായിരുന്നു. സി.ഐക്കെതിരെ കേസുടുക്കാത്ത പൊലീസ് ഒത്തുകളിയില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ സബ് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാര്‍.