തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവുമായി ഒരു കോടി രൂപയാണ് ബാബുവിന് നൽകിയത്. മന്ത്രിക്കു വേണ്ടി സുരേഷ് പൈ എന്ന സെക്രട്ടറിയാണ് പണം വാങ്ങിയത്. പിന്നീട് സെക്രട്ടറി പണം ബാബുവിന് കൈമാറുകയായിരുന്നു. തെളിവ് വേണമെങ്കിൽ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാവുമെന്നും ബിജു രമേശ് പറഞ്ഞു.
ബാബുവിനെതിരെ താന്‍ നല്കിയ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല. കൂടുതല്‍ തെളിവടുക്കാതിരിക്കാന് വിന്‍സന്‍ എം. പോള്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാബു നല്കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിനായി ബാബുവിന്റെ അടുത്തേക്ക് താന്‍ ദൂതനെ അയച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബുവിന്റെ എല്ലാ സാന്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്. ബാബുവിന്റെ സ്പോൺസറും പോളക്കുളം ഗ്രൂപ്പാണ്. പോളക്കുളം കൃഷ്ണദാസിനും എലഗന്‍സ് ബിനോയിക്കും കാര്യങ്ങള്‍ അറിയാം. ലൈസന്‍സ് കിട്ടിയവരില്‍നിന്ന് 20ലക്ഷംരൂവീതം പിരിച്ചത് എലഗന്‍സ് ബിനോയ് ആണ്. ഡി.ജി.പി. ജേക്കബ് തോമസിനെയും കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.
ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയൽ ചെയ്യുമെന്നും ബിജു രമേശ് അറിയിച്ചു.