മലാവിയില്‍ വന്‍ പ്രളയം; 48 മരണം

ലിലോങ്‌വി: ആഫ്രിക്കന്‍ രാജ്യമായ മലാവിയിലും മൊസാംബിക്കിലും വന്‍ പ്രളയം. ഇരുരാജ്യങ്ങളിലും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മലാവിയില്‍ മാത്രം 48 പേര്‍ കൊല്ലപ്പെടുകയും 23,000 പേര്‍ വീടൊഴിഞ്ഞുപോയതായും പ്രസിഡന്റ് പീറ്റര്‍ മുതാരിക്ക അറിയിച്ചു.

രാജ്യത്തിന്റെ മൂന്നിലൊരുഭാഗവും ദുരന്തബാധിതമേഖലയായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിന് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. മൊസാംബിക്കില്‍ 25 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രളയത്തില്‍ ഒലിച്ചുപോയി.

കഴിഞ്ഞയാഴ്ചയാണ് മേഖലയില്‍ കനത്ത പേമാരി തുടങ്ങിയത്. ഏതാനും ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലാവിയില്‍ നൂറുകണക്കിനു വീടുകള്‍ തകരുകയും കനത്തതോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. റോഡ്-റെയില്‍ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

Top