ക്വാലാലംപൂര്‍: മലേഷ്യന്‍ സര്‍ക്കാര്‍ പുതിയ ഭീകരവിരുദ്ധ ബില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇറാഖിലും സിറിയയിലും ശക്തമായിക്കൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികളെ ചെറുക്കുന്നത് ലക്ഷ്യം വെച്ചാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു.
സര്‍ക്കാര്‍ നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇസില്‍ ഭീകരവാദികളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ മലേഷ്യന്‍ പൗരന്മാരുമുണ്ടെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്. ഇപ്പോള്‍ ഇറാഖിലും സിറിയയിലും പ്രവര്‍ത്തിച്ച് തിരിച്ചെത്തുന്ന ഇവര്‍ രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും വെല്ലുവിളിയുയര്‍ത്തും.
തിരിച്ചെത്തുന്നവര്‍ യുദ്ധ ഭൂമിയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇവിടുത്തെ പൗരന്മാര്ക്കെതിരില് ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചേക്കാം. ഇവരെ പ്രതിരോധിക്കാനാണ് പുതിയ നിയമമെന്നും പ്രസിഡന്റ് പാര്‍ലിമെന്റില്‍ വ്യക്തമാക്കി.