മാണിയുടെ പേര് പറയിച്ചത് ടി.പി ഷാനി; കുരുക്കിയത് വി.എസ്;ഇനി വെള്ളാപ്പള്ളി ?

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിയെ കുരുക്കുന്നതിന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അടുത്ത ഉന്നം വെള്ളാപ്പള്ളി?

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവില്‍ നാണം കെട്ട് രാജിവച്ചുപോകേണ്ട അവസ്ഥയിലേക്ക് മാണിയെ തള്ളിവിട്ട വി.എസ് അച്യുതാനന്ദന്‍ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇപ്പോള്‍ നീക്കം തുടങ്ങിയിട്ടുള്ളത്.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ വി.എസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് വി.എസ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഇതിനാവശ്യമായ രേഖകളും വി.എസ് ശേഖരിച്ചിട്ടുണ്ട്. നിയമവിദഗ്ധരുമായി ഇതിനകം തന്നെ വി.എസ് ഇക്കാര്യം ചര്‍ച്ചചെയ്ത് കഴിഞ്ഞതായാണ് അറിയുന്നത്.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിക്കും.

സിപിഎമ്മിന്റെ ഉറച്ച വോട്ട് ബാങ്കായ പിന്നോക്ക വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതും വ്യക്തിപരമായി തന്നെയും മകനെയും അപമാനിക്കാന്‍ ശ്രമിച്ചതുമാണ് വി.എസിനെ കൂടുതല്‍ പ്രകോപിതനാക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി – ബിജെപി സഖ്യമുയര്‍ത്തിയ ഭീഷണിയെ അതിജീവിക്കാന്‍ മൈക്രോഫിനാന്‍സ് തട്ടിപ്പും എസ്.എന്‍ ട്രസ്റ്റിലെ നിമയനങ്ങളില്‍ നടന്ന കോടികളുടെ കോഴഇടപാടും ശാശ്വതീകാനന്ദയുടെ മരണവുമെല്ലാം ഫലപ്രദമായി വി.എസ് ഉപയോഗപ്പെടുത്തിയിരുന്നു.

ശ്രീനാരായണീയരില്‍ ആശയക്കുഴപ്പമുണ്ടാക്കാനും വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കാനും ഈ നീക്കങ്ങള്‍ വഴി വി.എസിനും സിപിഎമ്മിനും കഴിഞ്ഞത് ഇടത് വിജയത്തിന് ഒരു പ്രധാന കാരണമാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെങ്കിലും എസ്എന്‍ഡിപി യോഗത്തിന്റെ ശക്തികേന്ദ്രങ്ങളിലും സ്വന്തം വീടിരിക്കുന്ന വാര്‍ഡിലും പരാജയപ്പെട്ടതിനാല്‍ പഴയ ശൗര്യം വെള്ളാപ്പള്ളിക്ക് ഇപ്പോഴില്ലെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കൂടെ കൂടി ഭീഷണിയുമായും വിലപേശല്‍ തന്ത്രവുമായും രംഗത്തുവരുമെന്ന് കണ്ട് കൂടിയാണ് ഇപ്പോഴത്തെ നീക്കം.

ബാര്‍ കോഴ സംബന്ധമായി ആദ്യമായി മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റില്‍’ ചാനല്‍ അവതാരിക ടി.പി ഷാനിയുടെ ആവര്‍ത്തിച്ചുള്ള ചേദ്യത്തിന് മറുപടിയായി മാണിയുടെ പേര് ബിജുരമേശ് പറഞ്ഞത് മുതല്‍ ഇക്കാര്യത്തില്‍ ശക്തമായി ആഞ്ഞടിച്ച് രംഗത്തുവന്നതില്‍ പ്രമുഖന്‍ വി.എസ് ആയിരുന്നു.

2014 ഒക്ടോബര്‍ 31-ന് രാത്രി ഒമ്പത് മണിയുടെ ചചര്‍ച്ചയിലായിരുന്നു വിവാദ വെളിപ്പെടുത്തല്‍. അടച്ച് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ ചോദിച്ചെന്നും ഒരു കോടി കൊടുത്തെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്ന വി.എസ് പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയതാണ് സര്‍ക്കാരിനെയും മാണിയെയും വെട്ടിലാക്കിയത്.

അഴിമതി നിരോധന നിയമ പ്രകാരം മാണിയെ പ്രതിയാക്കി കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ പരാതിയില്‍ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് മാണിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് നിര്‍ബന്ധിക്കപ്പെട്ടിരുന്നത്.

ഇതിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും വിടാതെ വി.എസ് പിന്നാലെ കൂടുകയായിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നല്‍കിയ ഹര്‍ജിയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദഗതികളുമാണ് സര്‍ക്കാരിനും വിജിലന്‍സിനും ഏറെ പ്രതിരോധമുണ്ടാക്കിയത്. ഇതിന്റെ പരിണിതഫലമായിരുന്നു തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്.

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി മുന്‍പാകെ വിജിലന്‍സ് നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇപ്പോള്‍ കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനും മാണിയുടെ രാജിക്കും കാരണമായത്.

ഇവിടെയും സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങളുടെ മുനയൊടിക്കാനും വി.എസിന്റെ അഭിഭാഷകന്‍ രംഗത്തുണ്ടായിരുന്നു.

ഹൈക്കോടതി തുടരന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നുവെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു വി.എസിന്റെ പദ്ധതി.

മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ സുപ്രീം കോടതിവരെ പോവുമെന്ന് നേരത്തെ തന്നെ വി.എസ് വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിയെ സംബന്ധിച്ച് വി.എസിന്റെ പുതിയ നീക്കം ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

Top