തിരുവനന്തപുരം: മന്ത്രി കെ എം മാണി അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സെക്രട്ടറിയേറ്റിലും നിയമസഭയിലും കാലുകുത്താന്‍ അനുവദിക്കേണ്ടെന്ന് സിപിഎം തീരുമാനം.
എന്തുവിലകൊടുത്തും മാണിയെ തടയാന്‍ സിപിഎം ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്കി.
പാര്‍ട്ടിയുടെ എല്ലാ ജില്ലാ കമ്മിറ്റികളോടും മാണിയെ ഒരു പരിപാടികളിലും മന്ത്രി എന്ന നിലയില്‍ പങ്കെടുപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇടതുപക്ഷ മുന്നണിയായി നടത്തുന്ന സമരത്തോടൊപ്പം തന്നെ പാര്‍ട്ടി കേഡറുകളെ ഉപയോഗിച്ച് തീക്ഷ്ണമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനാണ് തീരുമാനം.
ഹൈക്കോടതി വിധി വന്ന ഉടനെ തന്നെ എറണാകുളത്ത് മാണി തങ്ങിയ വസതിക്കു മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും നടത്തിയ ‘സമരമുറ’യായിരിക്കില്ല ഇനി അങ്ങോട്ട് ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ സര്‍ക്കാരിന് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മാണിയുടെ രാജി രാഷ്ട്രീയപരമായ നേട്ടത്തിന് ഉപയോഗിക്കണമെന്നാണ് സിപിഎം തീരുമാനം.
ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും മാണി രാജിവയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിന്തുണകൊണ്ടാണെന്നാണ് സിപിഎം ആരോപണം.
വരും ദിവസങ്ങളില്‍ മാണി പ്രശ്നം യുഡിഎഫില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്നും അസംതൃപ്തരായ മുന്‍ ഇടത് ഘടകകക്ഷികള്‍ മടങ്ങിവരുമെന്നുമാണ് സിപിഎം പ്രതീക്ഷ.
മാണിയുടെ രാജി ആവശ്യം ഉന്നയിച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരും കളം പിടിക്കാന്‍ രംഗത്തുള്ളതിനാല്‍ പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി പ്രക്ഷോഭ നിയന്ത്രണവും മേധാവിത്വവും നിലനിര്‍ത്താനാവശ്യമായ സമര പരിപാടികള്‍ക്കാണ് സിപിഎം രൂപംകൊടുക്കുന്നത്.
സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരത്തോടൊപ്പം തന്നെ വിശദീകരണ യോഗവും നടത്തും.
നിലവിലെ സാഹചര്യം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏത് നിമിഷവും നിലംപൊത്തുമെന്ന അഭ്യൂഹം യുഡിഎഫ് അണികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.