മാള അരവിന്ദന്‍ അന്തരിച്ചു

കോയമ്പത്തൂര്‍: നാല് പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ സജീവമായിരുന്ന ഹാസ്യതാരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

തബലിസ്റ്റ് ആയിരുന്ന അരവിന്ദന്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.

1968ല്‍ പുറത്തിറങ്ങിയ സിന്ദൂരമായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് മിമിക്‌സ് പരേഡ്, പട്ടണപ്രവേശം, കന്മദം, അഗ്‌നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കര്‍, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവന്‍, പട്ടാളം, സേതുരാമയ്യര്‍ സിബിഐ, സന്ദേശം, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂല്‍പ്പാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ച് കൊണ്ടിരുന്നത്.

Top